ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹര്ഭജന് സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ മുഴുവൻ ഫോർമാറ്റുകളിൽനിന്നും വിരമിക്കുന്നതായി ഭാജി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് 41-കാരനായ ഹര്ഭജന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
“എല്ലാ നല്ല കാര്യങ്ങൾക്കുമൊരു അവസാനമുണ്ട്. ജീവിതത്തിൽ എല്ലാം തന്ന കളിയോട് ഇന്ന് ഞാൻ വിട പറയുമ്പോൾ, ഈ 23 വർഷത്തെ യാത്ര മനോഹരവും അവിസ്മരണീയവുമാക്കിയ എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഹൃദയം നിറഞ്ഞ നന്ദി. എന്നും കടപ്പെട്ടിരിക്കും.”- ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.
ഏറെക്കാലമായി മത്സരരംഗത്ത് സജീവമല്ലാതിരുന്ന താരത്തിന്റെ വിരമിക്കൽ ആരാധകർ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. ഐപിഎല്ലുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുണ്ടായിരുന്ന കരാറാണ് വിരമിക്കല്‍ തീരുമാനം വൈകിപ്പിച്ചതെന്ന് ഹര്ഭജന് വ്യക്തമാക്കി.
1998ൽ ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ നടന്ന ടെസ്റ്റ് മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹർഭജൻ അരങ്ങേറ്റം കുറിക്കുന്നത്. ഇതേവർഷം ഷാർജയിൽ ന്യൂസിലൻഡിനെതിരെ ഏകദിന ക്രിക്കറ്റിലും കന്നിയങ്കം കുറിച്ചു. 2016ൽ ധാക്കയിൽ യുഎഇക്കെതിരെ നടന്ന ടി20യിലാണ് അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്.
103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചു. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി-20 ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 41കാരനായ താരം ഇതിനകം 103 ടെസ്റ്റുകളിൽ നിന്നായി 417 വിക്കറ്റുളാണ് വാരിക്കൂട്ടിയത്. 236 ഏകദിനങ്ങളിൽനിന്ന് 269 ഉം 28 ടി20 മത്സരങ്ങളിൽനിന്ന് 25ഉം വിക്കറ്റ് സ്വന്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്,മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളുടെ കുപ്പായവുമിട്ടിട്ടുണ്ട്.