അബുദാബി: അവധിക്കാല തിരക്ക് വർധിച്ചതോടെ യാത്രക്കാർ 3 മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തണമെന്ന് അബുദാബി രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു.
2020നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 400% വർധനയുണ്ട്. ജനുവരി 2 വരെ തിരക്കു തുടരുമെന്നാണ് അനുമാനം. ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോകുന്നവരാണ് ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നത്.
അബുദാബി വിമാനത്താവളത്തിൽനിന്ന് ദിവസേന ശരാശരി 102 വിമാനങ്ങളിലായി 32,000 പേർ യാത്ര ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ നാലിരട്ടി വർധനയാണ് രേഖപ്പെടുത്തിയത്. എന്നാൽ 2019നെ അപേക്ഷിച്ച് കുറവാണ്. പാസ്പോർട്ട്, വീസ, വിമാന ടിക്കറ്റ് തുടങ്ങി യാത്രാരേഖകൾ കാലാവധിയുള്ളതാണെന്ന് ഉറപ്പുവരുത്തണം. യാത്രയ്ക്കു മുൻപ് പോകുന്ന രാജ്യങ്ങളിലെ ഏറ്റവും പുതിയ യാത്ര നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കണം. ആവശ്യമെങ്കിൽ പിസിആർ ടെസ്റ്റും അനുബന്ധ നടപടിക്രമങ്ങളും പൂർത്തിയാക്കണം. ബന്ധപ്പെട്ട എയർലൈനുകളിലോ ട്രാവൽ ഏജൻസികളിലോ വിളിച്ചും എയർപോർട്ട് വെബ്സൈറ്റിൽ നോക്കിയും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.