അബുദാബി: ഇന്ത്യക്കാരുടെ ഇഷ്ട വിനോദ കേന്ദ്രമായി അബുദാബി തുടരുന്നു. ഈ വർഷം ആദ്യപാദത്തിൽ 3,14,495 ഇന്ത്യക്കാരാണു ടൂറിസ്റ്റ് വീസയിൽ അബുദാബിയിലെത്തിയത്. ലോക രാജ്യങ്ങളിൽ യുഎഇയിലേക്കാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ യാത്ര ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ–യുഎഇ സെക്ടറിൽ 2020നെക്കാൾ 50% വർധന രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം മാർച്ചിൽ രാജ്യാന്തര യാത്രാവിലക്ക് വന്നതോടെ വിദേശത്തേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്കു കുറഞ്ഞു. അതിനുശേഷം എയർബബ്ൾ കരാർ പ്രകാരം സർവീസ് തുടരുന്നു. ഡിസംബർ 15ന് യാത്രാവിലക്ക് ഇന്ത്യ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനുവരി 31 വരെ യാത്രാ നിരോധനം ഇന്ത്യ നീട്ടുകയായിരുന്നു. സുരക്ഷിതത്വവും മികച്ച അടിസ്ഥാന സൗകര്യങ്ങളും സുതാര്യ വീസ നടപടികളുമാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ആകർഷിക്കാൻ കാരണം.
ലോകത്തെ ഏറ്റവും വലിയ അക്വേറിയം, ലോകോത്തര തീം പാർക്കുകളായ ഫെറാറി വേൾഡ്, യാസ് ഐലൻഡ്, വാർണർ ബ്രോസ് വേൾഡ് എന്നിവയ്ക്കു പുറമേ ലുവ്റ് അബുദാബി മ്യൂസിയം, ഡെസേർട് സഫാരി, ലിവ ഈന്തപ്പഴോത്സവം എന്നിവയും സഞ്ചാരികളുടെ ഇഷ്ട വിനോദ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, അൽ വത്ബ ഒട്ടകയോട്ട മത്സരം തുടങ്ങി രാജ്യത്തിന്റെ സാംസ്കാരിക, പൈതൃക മേഖലകൾക്കൊപ്പം അത്യാഡംബര വിനോദ പരിപാടികളും സഞ്ചാരികളെ ആകർഷിക്കുന്നു.
ലോകത്തുള്ള ഏതു സാധനവും യുഎഇയിൽ വാങ്ങാൻ കിട്ടും എന്നതിനപ്പുറം യുഎഇയിൽ എവിടെ പോയാലും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നാട്ടുകാരുടെയോ സാന്നിധ്യം ഉണ്ടെന്നതും പ്രത്യേകതയാണ്.