ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ഹൈദരാബാദ് എഫ്.സിയെ സമനിലയിൽ തളച്ച് എസ്.സി ഈസ്റ്റ് ബംഗാൾ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഈസ്റ്റ് ബംഗാളിനായി ആമിർ ഡെർവിസേവിച്ചും ഹൈദരാബാദിനുവേണ്ടി ബർത്തലോമ്യു ഓഗ്ബെച്ചെയും ലക്ഷ്യം കണ്ടു.
ഈ സമനിലയോടെ ഹൈദരാബാദ് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയന്റാണ് ഹൈദരാബാദിനുള്ളത്. എന്നാൽ ഈസ്റ്റ് ബംഗാൾ തുടർച്ചയായ എട്ടാം മത്സരത്തിലും വിജയം നേടാനാവാതെ അവസാന സ്ഥാനത്ത് തുടരുന്നു. പുതിയ സീസണിൽ ഒരു വിജയം പോലും നേടാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല.
മത്സരത്തിന്റെ ആദ്യ പത്തുമിനിട്ടിനുള്ളിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഹൈദരാബാദിനും ഈസ്റ്റ് ബംഗാളിനും സാധിച്ചില്ല. 12-ാം മിനിട്ടിൽ ഹൈദരാബാദിന്റെ ജോയൽ ചിയാനീസിന്റെ ഗോൾശ്രമം ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ വിഫലമാക്കി.
20-ാം മിനിട്ടിൽ ഹൈദരാബാദിനെ ഞെട്ടിച്ചുകൊണ്ട് ഈസ്റ്റ് ബംഗാൾ വലകുലുക്കി. ആദ്യ ശ്രമത്തിൽ തന്നെ ഗോൾ നേടിക്കൊണ്ടാണ് ഈസ്റ്റ് ബംഗാൾ മത്സരത്തിൽ ലീഡെടുത്തത്. സൂപ്പർ താരം ആമിർ ഡെർവിസേവിച്ച് ഈസ്റ്റ് ബംഗാളിനായി വലകുലുക്കി. 20-ാം മിനിട്ടിൽ ഹൈദരാബാദ് ബോക്സിന് തൊട്ടുപുറത്തുനിന്ന് ഈസ്റ്റ് ബംഗാളിന് അനുകൂലമായി റഫറി ഫ്രീകിക്ക് വിധിച്ചു. ഡെർവിസേവിച്ചാണ് കിക്കെടുത്തത്.