അബുദാബി: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ഈ മാസം 26 മുതൽ നിയമം പ്രാബല്യത്തിൽ വരും. 7 ദിവസം ഇടവേളകളിൽ പിസിആർ ടെസ്റ്റ് എടുത്ത് രോഗമില്ലെന്ന് ഉറപ്പാക്കിയാലേ സർക്കാർ ഓഫിസിൽ പ്രവേശിക്കാൻ അനുമതി ലഭിക്കൂ. ജീവനക്കാർക്കും സന്ദർശകർക്കും ഇതു ബാധകം. അൽഹൊസൻ ആപ്പിലാണ് ഗ്രീൻപാസ് കാണിക്കേണ്ടതെന്ന് ഗവൺമെന്റ് മീഡിയ ഓഫിസ് അറിയിച്ചു.
ആഗോള തലത്തിൽ ഒമിക്രോൺ വ്യാപനം ശക്തിപ്പെട്ട സാഹചര്യത്തിലാണ് ഇതര രാജ്യങ്ങൾ കോവിഡ് നിയമങ്ങൾ കർശനമാക്കുന്നത്. യുഎഇയിലും ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകൾ വർധിച്ചുവരികയാണ്. ഇതോടെ വിവിധ സ്ഥാപനങ്ങളും പരിശോധന കർശനമാക്കി. ശരീരോഷ്മാവ് പരിശോധിച്ചും ഗ്രീൻപാസ് നോക്കിയുമാണ് ഷോപ്പിങ് മാൾ അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
അബുദാബിയിൽ സൗജന്യമായി പിസിആർ ടെസ്റ്റ് എടുക്കാനുള്ള സംവിധാനമുണ്ട്. 2 വർഷത്തോളമായി അബുദാബി നിവാസികൾക്ക് സൗജന്യമായി പിസിആർ ടെസ്റ്റ് നടത്തിവരികയാണ് സർക്കാർ. നേരത്തെ വീടുകൾ തോറും കയറിയിറങ്ങി പരിശോധന നടത്തിയിരുന്ന ആരോഗ്യവിഭാഗം കോവിഡ് വ്യാപനം കുറഞ്ഞതോടെ നിശ്ചിത ടെന്റുകളിലെ സേവനം തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ 50 ദിർഹത്തിന് പിസിആർ എടുക്കാനും സൗകര്യമുണ്ട്.
യുഎഇയിൽ മറ്റു എമിറേറ്റുകളിലും ജനുവരി 3 മുതൽ സർക്കാർ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാക്കിയിരുന്നു.
എന്നാൽ ഗ്രീൻപാസ് തുടർച്ചയ്ക്ക് 14 ദിവസത്തിനിടെ പിസിആർ ടെസ്റ്റ് എടുത്താൽ മതിയാകും. ഇവിടെ 120 ദിർഹമാണ് പിസിആർ നിരക്ക്. അതുകൊണ്ടുതന്നെ സർക്കാർ ജീവനക്കാർക്ക് ചെലവേറും.