കൊച്ചി: കൂത്താട്ടുകുളം ഇലഞ്ഞിയില്‍ വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് നിര്‍മിച്ച കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍.കല്പറ്റ മുട്ടില്‍ സ്വദേശി സനീറി(39)നെയാണു ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. സനീറിന്റെ നേതൃത്വത്തില്‍ വീട് വാടകയ്ക്ക് എടുത്തു 500 രൂപയുടെ കള്ളനോട്ടുകള്‍ നിര്മിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
ജൂലൈയിലാണു ഭീകരവിരുദ്ധ സ്ക്വാഡ് കള്ള നോട്ടടി സംഘത്തെ പിടികൂടിയത്. കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതിന് ശേഷം ക്രൈംബ്രാഞ്ച് എസ്.പി: എം.പി. മോഹനചന്ദ്രനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം പുത്തൂരില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
മുഖ്യ പ്രതിയൊഴികെ മറ്റ് ഒമ്പതു പേരെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. അഞ്ചു മാസമായി കേരളത്തിന് അകത്തും പുറത്തുമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.