മഡ്ഗാവ്: ഐ.എസ്.എലില്‍ ചെന്നൈയിന് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഡയസ് പെരേര, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോള്‍ നേടി.
കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റിയെ തകര്‍ത്ത അതേ ടീമിനെ തന്നെ ഇറക്കിയാണ് പരിശീലകന് ഇവാന് വുകോമാനോവിച്ച് ചെന്നൈയിനെതിരേയും വിജയം നേടിയത്. നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചെന്നൈയിന് ശ്രമിച്ചെങ്കിലും പാറപോലെ ഉറച്ച ബ്ലാസ്റ്റേഴ്സ് പ്രതിരോധം അതെല്ലാം വിഫലമാക്കി.
ഈ വിജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ചെന്നൈയിന് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു.