ജയ്പൂർ: വിജയ് ഹസാരെ ഏകദിന ട്രോഫിയില്‍ കേരളത്തിനു തോല്‍വി. ക്വാർട്ടർ ഫൈനലിൽ സർവീസസിനോട് ഏഴ് വിക്കറ്റിനാണ് കേരളം തോറ്റത്. ഇതോടെ ടൂർണമെന്റിൽ നിന്നും കേരളം പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 40.4 ഓവറിൽ 175 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സർവീസസ് 30.5 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
രവി ചൗഹാൻ (95), രജത് പലിവാൾ (പുറത്താകാതെ 65) എന്നിവരുടെ അർധ സെഞ്ചുറികളാണ് സർവീസസ് ജയം അനായാസമാക്കിയത്.
കേരളത്തിനായി മനു കൃഷ്ണൻ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ കേരളത്തിനായി ഓപ്പണർ രോഹൻ എസ്. കുന്നുമൽ (85) ആണ് പൊരുതിയത്. വിനൂപ് മനോഹരൻ 41 റണ്‍സ് നേടി. 161/5 എന്ന നിലയിൽ നിന്ന കേരളത്തിന് 14 റണ്‍സ് ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു.
ക്യാപ്റ്റൻ സഞ്ജു സാംസണ് (2),സച്ചിൻ ബേബി (12), മുഹമ്മദ് അസ്ഹറുദ്ദീൻ (7), ജലജ് സക്സേന (0), വിഷ്ണു വിനോദ് (4) എന്നിവരെല്ലാം പരാജയമായി. സർവീസസിനായി ദിവേഷ് പതാനിയ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.