കുവൈത്ത് സിറ്റി : രാജ്യത്തെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതിയായ ജഹ്റ നാച്വർ റിസർവ് തുറന്നു. ഇന്നു മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. റിസർവ് സന്ദർശിക്കുന്നതിനുള്ള അനുമതിക്ക് പരിസ്ഥിതി അതോറിറ്റി (ഇപിഎ)യുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
സ്വദേശികൾക്ക് 10വരെ പ്രായമുള്ളവർക്ക് 1 ദിനാറും അതിൽ കൂടുതലുള്ളവർക്ക് 2 ദിനാറുമാണ് പ്രവേശന ഫീസ്. 10 വയസ് വരെയുള്ള വിദേശികൾക്ക് 1.5 ദിനാറും അതിന് മീതെയുള്ളവർക്ക് 3 ദിനാറുമാണ് പ്രവേശന ഫീസ്. സർവകലാശാല വിദ്യാർഥികൾക്കും സർക്കാർ സ്കൂൾ കുട്ടികൾക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും ഫീസ് ഇല്ല
. പരിസ്ഥിതി സംബന്ധിച്ച അവബോധം വളർത്തുന്നതിന് പര്യാപ്തമാകും വിധം വിഭാവനം ചെയ്തതാണ് ജഹ്റ നാച്വർ റിസർവ് എന്ന് അതോറിറ്റി ചെയർമാനും ഡയറക്ടർ ജനറലുമായ ഷെയ്ഖ് അബ്ദുല്ല ഹമദ് അൽ ഹമൂദ് അൽ സബാഹ് പറഞ്ഞു.
റിസർവിനകത്ത് ഒന്നര മണിക്കൂർ സന്ദർശനമാണ് അനുവദിക്കുക. അതോറിറ്റി വക ഗൈഡുകൾ റിസർവിനകത്ത് സന്ദർശകരെ അനുഗമിക്കും. ദേശാടനപ്പക്ഷികളുടെ പ്രധാന കേന്ദ്രമാണ് ജഹ്റ നാച്വർ റിസർവ്. കാലങ്ങളെടുത്താണ് പദ്ധതി പൂർത്തിയാക്കിയത്. 400ൽ അധികം ഇനം പക്ഷികൾ അവിടെ എത്താറുണ്ട്. ചിലയിനം കഴുകന്മാർ ദേശാടനത്തിനിടെ 4 മുതൽ 10 മാസംവരെ അവിടെ ചെലവഴിക്കാറുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.