ഒക്ടോബറിലെ ഒരു ഞായറാഴ്ച പ്രാർത്ഥനക്കായി പള്ളിയിൽ എത്തിയ പാസ്റ്റർ സോമു അവാറാധിയെ കാത്തിരുന്നത് ഒട്ടും സുഖകരമായ കാര്യമായിരുന്നില്ല. താനിന്നുവരെ യാതൊരു വിധ പ്രയാസങ്ങളും ഇല്ലാതെ പ്രാർത്ഥിച്ചുവന്നിരുന്ന പള്ളിയിൽ ഏതാനും പേർ തനിക്കുമുമ്പേ പ്രവേശിച്ചിരുന്നു. അവർ ഹിന്ദു മത വിശ്വാസ പ്രകാരമുള്ള പ്രാർത്ഥനകളും ഗീതങ്ങളും ഉരുവിടുന്നുണ്ടായിരുന്നു. നാളിതുവരെ ക്രിസ്തീയ മതവിശ്വാസങ്ങൾ നടന്നിരുന്ന പള്ളിയിൽ അവരെന്താണ് ചെയ്യുന്നതെന്ന് പാസ്റ്റർക്ക് മനസിലായില്ല. അദ്ദേഹം പോലീസിനെ വിളിച്ചു. പക്ഷേ, കാര്യങ്ങൾ അദ്ദേഹത്തിന് എതിരായിരുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ ഹൂബ്ലി നഗരത്തിലെ പള്ളിയിലാണ് സംഭവമുണ്ടായത്. ക്രിസ്തീയ മത കേന്ദ്രത്തിൽ ഹിന്ദു മത വിശ്വാസികൾ കടന്ന് കയറിയത് ശ്രദ്ധയിൽപെട്ട പാസ്റ്റർ പോലീസിനെ വിളിച്ചു. എന്നാൽ പോലീസ് എത്തിയതോടെ പള്ളിക്കകത്ത് ഉണ്ടായിരുന്നവർ പാസ്റ്റർക്ക് നേരെ ആരോപണവുമായി എത്തി. പാസ്റ്റർ ഒരു ഹിന്ദുവിനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തുടർന്ന് മതവികാരങ്ങളെ ഹനിച്ച കുറ്റത്തിന് പാസ്റ്റർ അറസ്റ്റിലായി. 12 ദിവസം ജയിലിൽ കിടന്ന പാസ്റ്റർ ഒടുവിൽ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല – ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ (ഇഎഫ്ഐ) റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഈ വർഷം ജനുവരി മുതൽ നവംബർ വരെ ക്രിസ്ത്യാനികൾക്കെതിരായ 39 ഭീഷണികളും അക്രമങ്ങളും നടന്നു. വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകളിലെ അംഗങ്ങൾ പാസ്റ്റർമാരെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നതും മതപരമായ ശുശ്രൂഷകൾ നടത്തുന്നതിൽ നിന്ന് അവരെ ശാരീരികമായി തടഞ്ഞ സംഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കർണാടകയിലും ദേശീയതലത്തിലും അധികാരത്തിലുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാനത്ത് മതപരിവർത്തനത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരികയാണെന്ന് പറഞ്ഞ ഒക്ടോബറിനുശേഷം അക്രമങ്ങൾ തുടർസംഭവമായി മാറുന്നതായി ക്രിസ്ത്യൻ പ്രതിനിധികൾ പറയുന്നു.
ബില്ലിന്റെ നിലവിലെ ഡ്രാഫ്റ്റിനെ വിമർശകർ വിശേഷിപ്പിച്ചത് “ക്രൂരമായത്” എന്നാണ്. മറ്റുള്ളവരെ ബലം, വഞ്ചന അല്ലെങ്കിൽ വിവാഹം എന്നിവയിലൂടെ മതപരിവർത്തനം നടത്തിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് 10 വർഷം വരെ തടവ് ശിക്ഷയുൾപ്പെടെ നൽകുന്നതാണ് പുതിയ നിയമം. ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങളും ജോലിയും ഉൾപ്പെടെ നിഷേധിക്കാനും നിർദേശമുണ്ട്.
മതം മാറാൻ തിരഞ്ഞെടുക്കുന്നവർ രണ്ട് മാസം മുമ്പ് പ്രാദേശിക ഉദ്യോഗസ്ഥരെ അറിയിക്കണം. മതമാറ്റത്തിന് പിന്നിലെ കാരണങ്ങൾ അവർ അന്വേഷിക്കുകയും സൂക്ഷമ പരിശോധന നടത്തുകയും ചെയ്യും. ഇതിന് ശേഷം മാത്രമായിരിക്കും അനുമതി നൽകുക. ഇങ്ങനെ അനുമതി നൽകിയില്ലെങ്കിൽ അത് കുറ്റകൃത്യമായി കണക്കാക്കപ്പെടും.
സമുദായത്തെ കൂടുതൽ ലക്ഷ്യം വയ്ക്കാൻ പുതിയ ബിൽ തീവ്രഹിന്ദുക്കളെ ധൈര്യപ്പെടുത്തുമെന്ന് ക്രിസ്ത്യൻ നേതാക്കൾ ആശങ്കാകുലരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി.ജെ.പിക്ക് കീഴിലുള്ള വർദ്ധിച്ചുവരുന്ന ധ്രുവീകരണ പരിതസ്ഥിതിയിൽ ന്യൂനപക്ഷ സമുദായങ്ങളെ ഇവ കൂടുതൽ ലക്ഷ്യം വെക്കുന്നതായാണ് ആശങ്ക. ഇത്തരം ആശങ്കകൾക്ക് ഭയത്തിന് വഴിമാറുന്നതായും സമീപകാല സംഭവങ്ങൾ ചൂണ്ടികാണിക്കുന്നു.
“ബിൽ പാസായിക്കഴിഞ്ഞാൽ, കൂടുതൽ പീഡനങ്ങളും കൂടുതൽ ബുദ്ധിമുട്ടുകളും ഞങ്ങളെ കാത്തിരിക്കുന്നു” ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ബിബിസിയോട് പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ കഴിഞ്ഞ വർഷം കൊണ്ടുവന്ന നിയമത്തിന്റെ മാതൃകയിലാണ് ബിൽ. അവിടെ, ലവ് ജിഹാദിന്റെ പേരിൽ മുസ്‌ലിം സമുദായത്തെയാണ് ലക്ഷ്യം വെച്ചതെങ്കിൽ കർണാടകയിൽ എത്തുമ്പോൾ പുതിയ ബിൽ ക്രിസ്ത്യൻ വിഭാഗത്തെ കൂടി ലക്ഷ്യമിടുന്നു. മുസ്‌ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ വിവാഹാഭ്യർത്ഥന നടത്തി മതപരിവർത്തനത്തിലേക്ക് ആകർഷിക്കുന്നു എന്ന വ്യാജ ആരോപണമാണ് ലവ് ജിഹാദ്. ഉത്തർപ്രദേശിൽ ഈ വ്യാജ സംഘപരിവാർ നിർമിതിയുടെ ബന്ധപ്പെട്ട് നിയമം ഉണ്ടാക്കുകയും അന്യായമായി നിരവധിപേർക്കെതിരെ കേസുകൾ എടുക്കുകയും ചെയ്തു. ഇത്തരത്തിൽ സംസ്ഥാന പോലീസ് നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തതായി നവംബറിൽ പ്രിന്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
നിയമം കൊണ്ടുവരുന്നതിന് മുമ്പ് ഉത്തർപ്രദേശിൽ നടന്നതിന് സമാനമാണ് കർണാടകയിലും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇന്ത്യയിൽ 65,000 പള്ളികൾ നടത്തുന്ന ഇഎഫ്‌ഐയുടെ ജനറൽ സെക്രട്ടറി റവ. വിജയേഷ് ലാൽ പറഞ്ഞു. സമുദായത്തെ തള്ളിവിടുന്നു, അവരെ താഴെയിറക്കുന്നു, മതപരിവർത്തനത്തിന്റെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു, തുടർന്ന് ഭരണഘടനാ വിരുദ്ധമായ ഒരു നിയമം കൊണ്ടുവരുന്നു – ഈ രീതിയാണ് ബി.ജെ.പി നടപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ മതപരിവർത്തനം ഒരു വിവാദ വിഷയമാണ്. ക്രിസ്ത്യൻ മിഷനറിമാർ ദരിദ്രരായ ഹിന്ദുക്കളെ കൈക്കൂലിയായി പണമോ മറ്റ് സഹായമോ വാഗ്ദാനം ചെയ്ത് നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാണ് സംഘപരിവാർ, ആർഎസ്എസ് ഉൾപ്പെടെയുള്ള തീവ്ര ഹിന്ദു വിഭാഗങ്ങൾ ഉന്നയിക്കുന്ന ആരോപണം. എന്നാൽ ഇത്തരം അവകാശവാദങ്ങൾ നേരത്തെ നിഷേധിക്കപ്പെട്ടതാണ്.
എന്നാൽ, ജാതീയമായി ഇപ്പോഴും മാറ്റി നിർത്തപ്പെടുന്ന ദലിത് വിഭാഗത്തിൽപ്പെട്ടവർ ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ട്. കാലങ്ങളായി അവർ അനുഭവിക്കുന്ന അവഗണനകളിൽ നിന്നുള്ള മോചനം എന്ന നിലക്കാണ് ഇത്തരം പരിവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ ഇവരെ ആക്രമിക്കുന്ന രീതിയാണ് ബി.ജെ.പി ഉൾപ്പെടെ നടത്തിവരുന്നത്.
ഇങ്ങനെ ജാതി വ്യവസ്ഥയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവരെ ക്രിസ്തീയ സഭകൾ തങ്ങളോടൊപ്പം ചേർക്കാറുണ്ട്. നിർബന്ധിതമല്ലാത്ത ഇത്തരം മാറ്റങ്ങൾ പോലും ഏറെ അസഹിഷ്ണുതയോടെയാണ് തീവ്ര ഹിന്ദു വിഭാഗങ്ങൾ കാണുന്നത്. ഇത് പലപ്പോഴും വലിയ അക്രമത്തിന് കാരണമായിട്ടുണ്ട്. 1999-ൽ, കിഴക്കൻ സംസ്ഥാനമായ ഒഡിഷയിലെ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയുണ്ടായി. ഒരു ജീപ്പിൽ ഉറങ്ങിയിരുന്ന ഓസ്‌ട്രേലിയൻ മിഷനറിയുടെയും അദ്ദേഹത്തിന്റെ രണ്ട് ചെറിയ മക്കളുടെയും ദാരുണമായ കൊലപാതകങ്ങൾ നടന്നതും ഈ വിഷയത്തിന്റെ പേരിലായിരുന്നു.
കർണാടകയിലെ ക്രിസ്ത്യൻ പാസ്റ്റർമാരും വൈദികരും പറയുന്നത് തങ്ങൾക്ക് ഭാവിയെക്കുറിച്ച് ഭയമാണ്. തുടക്കത്തിൽ, ആക്രമണങ്ങൾ സംസ്ഥാനത്തെ ഏതാനും പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, എന്നാൽ ഇപ്പോൾ 31 ജില്ലകളിൽ 21 എണ്ണം കുറഞ്ഞത് ഒരു അക്രമ സംഭവമെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“ഞാൻ 40 വർഷമായി ഇവിടെയുണ്ട്, എന്നാൽ എന്തുകൊണ്ടാണ് ഈ മതപരിവർത്തന ആരോപണങ്ങൾ ഇപ്പോൾ വരുന്നതെന്ന് എനിക്കറിയില്ല. ഇവിടെയുള്ള ഹിന്ദു സമൂഹത്തിൽ ഞങ്ങൾക്ക് ധാരാളം സുഹൃത്തുക്കളുണ്ട്,” ബെലഗാവി ജില്ലയിലെ പാസ്റ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് റവറന്റ് തോമസ് ടി പറഞ്ഞു.
തീവ്ര ഹിന്ദു സംഘടനകളുടെ ആക്രമണങ്ങൾ ഒഴിവാക്കാൻ പ്രാർത്ഥനാ യോഗങ്ങൾ നടത്തരുതെന്ന് നവംബറിൽ ലോക്കൽ പോലീസ് അസോസിയേഷനോട് അനൗപചാരികമായി പറഞ്ഞതായി തോമസ് പറയുന്നു. പോലീസ് സ്റ്റേഷനുകൾ പുരോഹിതന്മാരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, ഈ വിഷയത്തിൽ സംസ്ഥാന വ്യാപകമായ ഒരു നയം ഇല്ലെന്ന് പേര് വെളിപ്പെടുത്താത്ത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെലഗാവിയിലെ ഒരു പ്രാദേശിക പള്ളിയിലെ വൈദികനായ ഫാദർ ഫ്രാൻസിസ് ഡിസൂസ കഴിഞ്ഞയാഴ്ച വാളുമായി ഒരാൾ തന്നെ ആക്രമിക്കാൻ ശ്രമിച്ചതായി ആരോപിച്ചു. ഫാദർ ഡിസൂസയെ സംരക്ഷിക്കുമെന്ന് കേസ് അന്വേഷിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. പക്ഷേ, ആ ഭയം തന്നിൽ ഇപ്പോഴും ഉണ്ടെന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യൻ ഭരണഘടന മതം പ്രചരിപ്പിക്കാൻ എല്ലാവർക്കും അവകാശം നല്കുന്നുണ്ടന്നിരിക്കെ, മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ആവശ്യകതയെ സമുദായത്തിൽ നിന്നുള്ള പ്രതിനിധികൾ ചോദ്യം ചെയ്യുന്നുണ്ട്. രാജ്യത്ത് മതപരിവർത്തനം നിയന്ത്രിക്കുന്ന ഒരു ദേശീയ നിയമവുമില്ല. അത്തരം ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള മുൻകാല ശ്രമങ്ങൾ പരാജയപ്പെട്ടു പരാജയപ്പെടുകയാണുണ്ടായത്. എന്നാൽ വിവിധ സംസ്ഥാനങ്ങൾ മതപരിവർത്തനം നിയന്ത്രിക്കുന്നതിനായി വർഷങ്ങളായി നിയമനിർമ്മാണം നടത്തി വരുന്നു. ദേശീയതലത്തിൽ പ്രയാജയപ്പെട്ട ഒരു നിയമത്തെ സംസ്ഥാന തലത്തിൽ നടപ്പിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
പാസ്റ്റർ സോമുവിനെതിരെ വൻ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ബിജെപി നിയമസഭാംഗം അരവിന്ദ് ബെല്ലാഡ്, പുതിയ ബില്ലിനെക്കുറിച്ച് ക്രിസ്ത്യാനികൾ മാത്രം വിഷമിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. മുസ്ലീങ്ങളോ സിഖുകാരോ ജൈനരോ പോലുള്ള മറ്റ് ന്യൂനപക്ഷ സമുദായങ്ങൾ ഈ പുതിയ നിയമത്തെക്കുറിച്ച് ആശങ്കപ്പെടുന്നില്ല എന്നതാണ് രസകരമായ വശം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകളെ വശീകരിച്ച് മതം മാറ്റാൻ ശ്രമിക്കുന്നവർ മാത്രമേ നിയമത്തെ ഭയക്കേണ്ടതുള്ളൂവെന്ന് സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എന്നാൽ ബില്ലിനെ ചുറ്റിപ്പറ്റിയുള്ള ആക്രമണങ്ങളും പ്രഭാഷണങ്ങളും വ്യക്തമായും ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ളതാണെന്ന് ആർച്ച് ബിഷപ്പ് മച്ചാഡോ പറയുന്നു. സർക്കാർ ഞങ്ങളോട് ചെയ്യുന്നത് നല്ല കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഹിന്ദു തീവ്ര ഗ്രൂപ്പുകൾ ന്യൂനപക്ഷങ്ങൾക്കെതിരെ വിവിധ മുറകൾ സ്വീകരിച്ച് വരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കർണാടകയിൽ നടക്കുന്നത്. ഓരോ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയും വ്യത്യസ്ത നടപടികൾ സ്വീകരിക്കുന്നത് ന്യൂനപക്ഷ ഐക്യം ഇല്ലാതാരിക്കുക എന്നത് കൂടി ലക്ഷ്യം വെച്ചാണ് എന്ന് വേണം മനസിലാക്കാൻ.