ദോഹ: വിമാന നിർമാണ കമ്പനിയായ എയർബസിനെതിരെ (Airbus) ലണ്ടൻ ഹൈക്കോടതിയിൽ (High Court in London) നിയമ നടപടിയുമായി ഖത്തർ എയർവേയ്സ് (Qatar Airways). എ-350 (A350) വിമാനങ്ങളുടെ ഉപരിതലത്തിലെയും പെയിന്റിലെയും ഗുണനിലവാരത്തെച്ചൊല്ലി മാസങ്ങളായി ഇരു കമ്പനികൾക്കുമിടയിൽ തുടരുന്ന പരാതികളും തർക്കങ്ങളുമായി ഒടുവിൽ നിയമ നടപടികളിലേക്ക് എത്തുന്നത്.
എ-350 വിമാനങ്ങളെ സാരമായി ബാധിക്കുന്ന ഈ പ്രശ്നത്തിന് ക്രിയാത്മകയൊരു പരിഹാരം ഉണ്ടാക്കാൻ തങ്ങൾ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നുവെന്നാണ് ഖത്തർ എയർവേയ്സ് വിശദീകരിക്കുന്നത്. പ്രശ്ന പരിഹാരത്തിന് മറ്റ് മാർഗങ്ങളില്ലാത്ത സ്ഥിതിക്ക് കോടതി വഴിയുള്ള പരിഹാരത്തിന് ശ്രമിക്കുകയാണെന്നും ഖത്തർ എയർവേയ്സ് ചൂണ്ടിക്കാട്ടുന്നു. നിയമ നടപടി തുടങ്ങിയ കാര്യം ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെ ഖത്തർ എയർവേയ്സ് സ്ഥിരീകരിച്ചു.
എ-350 വിഭാഗത്തിൽപെട്ട 21 വിമാനങ്ങളാണ് ഖത്തർ എയർവേയ്സിനുള്ളത്. ഇവ നിലവിൽ സർവീസുകൾക്ക് ഉപയോഗിക്കുന്നില്ല. തകരാർ സംബന്ധിച്ച് എയർബസ് വിശദമായ പരിശോധന നടത്തി അതിന്റെ മൂലകാരണം കണ്ടെത്തുകയും എന്തെങ്കിലും അറ്റകുറ്റപ്പണികൾ കൊണ്ട് ഇവ പരിഹാരിക്കാൻ സാധിക്കുമോ എന്ന് വ്യക്തമാക്കുകയും വേണമെന്നാണ് ഖത്തർ എയർവേയ്സിന്റെ ആവശ്യം. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഖത്തർ എയർവേയ്സ് പ്രഥമ പരിഗണന നൽകുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.