കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയസേനയിൽ ചേരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ദിനംതന്നെ 137 പേർ രജിസ്റ്റർചെയ്തു. സ്ത്രീകൾക്ക് സൈനിക മേഖലയിൽ വലിയ പരിഗണന നൽകുന്നതിനുള്ള സർക്കാർ തീരുമാനത്തെത്തുടർന്നാണിത്.
ജനുവരി രണ്ടുവരെ പേര് രജിസ്റ്റർചെയ്യാം. സ്ത്രീകൾക്ക് നോൺ-കമ്മിഷൻഡ് ഓഫീസർമാരായും മറ്റ് വിഭാഗങ്ങളിലും സൈനികസേവനം ചെയ്യാം.കുവൈത്ത് ആർമിയിലെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് ആബെൽ അൽ-അവാദിയാണ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീകൾക്ക് സേനയിൽ മുന്തിയ പരിഗണനയും സുരക്ഷയും ഉറപ്പാക്കുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹാമദ് ജാബർ അൽ അലി അൽ സബാഹ് പറഞ്ഞു.
കുവൈറ്റ് ഭരണഘടന അനുശാസിക്കുന്ന നിയമത്തിന്റെയും സമത്വത്തിന്റെയും തത്വം കൈവരിക്കാനുള്ള പദ്ധതിയുമായി മന്ത്രാലയം മുന്നോട്ട് പോകുകയാണെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ് വ്യക്തമാക്കി.