ദോഹ: ഖത്തറിൽ (Qatar) നിരവധി വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറി നശിപ്പിച്ച (slashing tyres) യുവാവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് (Criminal Investigation Department) പിടികൂടി. മുഐതിൽ ഏരിയയിൽ (Muaither) പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളുടെ ടയറുകളാണ് മൂർച്ചയുള്ള വസ്തുകൊണ്ട് (Sharp object) കുത്തിക്കീറിയത്. രാത്രി വാഹനം നിർത്തിയിട്ട് പോയവർ രാവിലെ വന്നു നോക്കിയപ്പോൾ ടയറുകൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
നാട്ടുകാർ പരിശോധന നടത്തിയപ്പോൾ പ്രദേശത്ത് നിർത്തിയിട്ടിരുന്ന എല്ലാ വാഹനങ്ങളുടെയും ടയറുകൾ ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടതായി മനസിലാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. തുടർന്ന് തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അജ്ഞാതനായ ഒരു വ്യക്തി രാത്രിയിലെത്തി കാറുകളുടെ ടയറുകൾ നശിപ്പിക്കുന്നത് കണ്ടത്. സ്ട്രീറ്റിന്റെ ഒരറ്റം മുതൽ അവസാനം വരെ പാർക്ക് ചെയ്തിരുന്ന എല്ലാ വാഹനങ്ങളുടെയും ടയറുകൾ ഇയാൾ ഇത്തരത്തിൽ നശിപ്പിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. പിടിയിലായ വ്യക്തിയെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. കേസിന്റെ തുടർ നടപടികൾക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണിപ്പോൾ.