കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ സുരക്ഷാ വകുപ്പുകൾ പിടിച്ചെടുത്ത 16,674 കുപ്പി മദ്യം നശിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ബന്ധപ്പെട്ട കേസുകളിൽ അന്തിമ വിധി വന്നതോടെയാണ് മദ്യക്കുപ്പികൾ കൂട്ടത്തോടെ നശിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്ത് പരിശോധനകളിൽ പിടിച്ചെടുക്കുന്ന മദ്യം ഉപയോഗശൂന്യമാക്കി നശിപ്പിക്കതിനുള്ള 2016ലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടിയെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഒരു റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡ്രഗ് കൺട്രോൾ, പൊലീസ്, കുവൈത്ത് മുനിസിപ്പാലിറ്റി, ജനറൽ അഡ്മിനിസ്ട്രേഷൻ ഒരു റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു നടപടികൾ. ബുൾഡോസറുകൾ ഉപയോഗിച്ചാണ് മദ്യക്കുപ്പികൾ നശിപ്പിച്ചത്.