ദുബൈ: പുതുവർഷപ്പിറവിയോടനുബന്ധിച്ച് ദുബൈയിൽ (Dubai) മൂന്ന് ദിവസം അവധി (Three day holiday) ലഭിക്കും. ജനുവരി ഒന്നിന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് ദുബൈ ഗവൺമെന്റ് ഹ്യൂമൺ റിസോഴ്സസ് വകുപ്പ് (Dubai Government Human Resources Department) അറിയിച്ചു. രാജ്യത്ത് അടുത്ത വർഷം നിലവിൽ വരുന്ന പുതിയ വാരാന്ത്യ അവധി ദിനങ്ങൾ പ്രകാരം (UAE New Weekend) ജനുവരി മൂന്ന് തിങ്കളാഴ്ചയായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി ദിനങ്ങൾ പുനഃരാരംഭിക്കുക.
ജനുവരി ഒന്ന് മുതൽ രാജ്യത്തെ സർക്കാർ മേഖലയിലെ വാരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം വരികയാണ്. ആഴ്ചയിൽ നാലര ദിവസം പ്രവർത്തനവും മൂന്നര ദിവസം അവധിയുമാണ് പുതിയ രീതി. ഇതനുസരിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളും അവധിയായിരിക്കും. നിരവധി സ്വകാര്യ കമ്പനികളും സർക്കാർ മേഖലയെ മാതൃകയാക്കി പുതിയ അവധി സംവിധാനത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡിസംബർ 31 വെള്ളിയാഴ്ചയാണെങ്കിലും അവധി ദിനങ്ങളിലെ മാറ്റം ജനുവരി ഒന്ന് മുതൽ മാത്രമേ പ്രാബല്യത്തിൽ വരൂ എന്നുള്ളതിനാൽ, അന്ന് പൊതു അവധിയായിരിക്കും. പുതിയ ക്രമമനുസരിച്ച് ശനി, ഞായർ ദിവസങ്ങളിൽ കൂടി അവധി ലഭിക്കുന്നതോടെ ആകെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ദുബൈയിലെ സർക്കാർ മേഖലയിൽ പുതുവർഷപ്പിറവിയോടനുബന്ധിച്ച് ലഭ്യമാവുക.