ലഖ്നൗ: സര്‍ക്കാര്‍ ജോലി കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അതിനായി കഠിനപരിശ്രമം നടത്തുന്നവർക്കറിയാം. നന്നായി ബുദ്ധിമുട്ടിയാൽ മാത്രമേ ആ കടമ്ബ കടക്കാന്‍ സാധിക്കുകയുള്ളു.എളുപ്പവഴി നോക്കിയാല്‍ നമ്മള് പിടിക്കപ്പെടുകയും ചെയ്യും. പഠിച്ചിട്ടു കിട്ടുന്ന എളുപ്പ വഴിയും പഠിക്കാതെ ശ്രമിക്കുന്ന എളുപ്പവഴിയും രണ്ടും വ്യത്യസ്തമാണ്.
അത്തരത്തില്‍ പെട്ടെന്നൊരു എളുപ്പവഴിയിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവാനായി ചെവിയില്‍ ഇയര്‍ഫോണ്‍ വെച്ച് ഹൈടെക്ക് കോപ്പിയടി നടത്തിയ യുവാവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. വിഗ്ഗിനിടയില്‍ വയര്‍ലെസ് ഇയര്‍ഫോണ്‍ ഘടിപ്പിച്ച് പരീക്ഷ എഴുതാന്‍ ശ്രമിച്ചയാളെയാണ് പിടികൂടിയത്.ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശ് പൊലീസിന്റെ സബ് ഇന്‍സ്പെക്ടര്‍ പരീക്ഷയിലാണ് ഹൈടെക്ക് കോപ്പിയടി ശ്രമം നടന്നത്.
മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് തട്ടിപ്പ് പൊലീസ് കണ്ടെത്തുന്നത്. വിഗ്ഗും ചെവിയിലെ ഇയര്‍ഫോണും പൊലീസുകാര്‍ അഴിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍ നാഗാലന്‍ഡ് ഡിജിപി രുപിന് ശര്‍മ്മയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.തലയില്‍ വെച്ച വിഗ്ഗിനടിയില്‍ സിമ്മും വയറുകളും ഘടിപ്പിച്ചാണ് പരീക്ഷയെഴുതാന്‍ ഇയാള്‍ എത്തിയത്. പുറത്തു കാണാത്ത രീതിയില്‍ ചെവിക്കുള്ളില്‍ ഇയര്‍ഫോണുകളും ധരിച്ചിരുന്നു.