ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ വിവിധ സൈറ്റുകളില്‍ രേഖപ്പെടുത്താതെ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനുള്ള സംവിധാനം ഒരുങ്ങുന്നു.ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും ഷോപ്പ് ചെയ്യാനുമെല്ലാം ഓരോ തവണയും ഇനി കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതില്ല. ഇതിന് പകരം കാര്‍ഡ് വിവരങ്ങളെ യുണിക് ടോക്കണാക്കി മാറ്റി ഷോപ്പ് ചെയ്യാനുള്ള അവസരമൊരുക്കുകയാണ് പുതിയ സംവിധാനത്തില്‍. ടോക്കനൈസേഷന് എന്ന പേരിലാണ് ആര്.ബി.ഐ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്.
ഉപയോക്താക്കളുടെ 16 അക്ക കാര്‍ഡ് നമ്ബര്‍ സി.വി.വി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ ശേഖരിക്കുന്നത് തടഞ്ഞ് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പുതിയ സാങ്കേതിക വിദ്യയാണ് ആര്.ബി.ഐ അടുത്ത വര്‍ഷം അവതരിപ്പിക്കുന്നത്.ടോക്കണസേഷന് നിലവില്‍ വരുന്നതോടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ട്രാവല്‍ വെബ്സെറ്റുകളിലുമെല്ലാം കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്യുന്ന അവസ്ഥക്ക് മാറ്റം വരും.
പുതിയ സാങ്കേതികവിദ്യ നടപ്പിലാവുന്നതോടെ വെബ്സൈറ്റില്‍ ഷോപ്പ് ചെയ്യാന്‍ ഒരുങ്ങുമ്ബോള്‍ തന്നെ ടോക്കനൈസേഷന് സെലക്ട് ചെയ്യാം. ഈ സംവിധാനം തെരഞ്ഞെടുത്താല്‍ ബാങ്കിന്റെ വെബ്സൈറ്റിലേക്ക് പോവുകയും ആവശ്യമായ വിവരങ്ങള്‍ നല്കി ടോക്കണ്‍ എടുക്കുകയും ചെയ്യാം. പിന്നീട് ഈ ടോക്കണ്‍ ഉപയോഗിച്ച് വെബ്സൈറ്റില്‍ ഷോപ്പ് ചെയ്യാം.
ഉദാഹരണമായി ആമസോണില്‍ ഷോപ്പ് ചെയ്യാനായി നിങ്ങള്‍ ഒരു ടോക്കണ്‍ ഉണ്ടാക്കിയാല്‍ ആ ടോക്കണ്‍ ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും സൈറ്റില്‍ ഷോപ്പ് ചെയ്യാം. ഇത്തത്തില്‍ മറ്റ് വെബ്സൈറ്റുകള്‍ക്ക് വേണ്ടിയും ടോക്കണ്‍ ഉണ്ടാക്കാം. ആവശ്യമില്ലെങ്കില്‍ ടോക്കണ്‍ ഒഴിവാക്കുകയും ചെയ്യാം. പുതിയ സേവനം പൂര്‍ണമായി സൗജന്യമായിരിക്കുമെന്നും ആര്.ബി.ഐ അറിയിച്ചു. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഉപയോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ ചോരുന്നുവെന്ന പരാതികള്‍ക്കിടെയാണ് ഇത് തടയാന്‍ ആര്.ബി.ഐ നീക്കം.