വിജയ് ഹസാരെ ട്രോഫിയിൽ കരുത്തരായ കർണാടകയെ തകർത്ത് തമിഴ്നാട് സെമി ഫൈനലിൽ. 151 റൺസിനാണ് തമിഴ്നാടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 354 റൺസെടുത്ത തമിഴ്നാട് കർണാടകയെ 203 റൺസിനു പുറത്താക്കി.
ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഓപ്പണർ എൻ.ജഗദീശന്റെ സെഞ്ചുറി മികവിൽ 354 റണ്‍സ് അടിച്ചുകൂട്ടി. ഷാറൂഖ് ഖാൻ (പുറത്താകാതെ 79), ആർ.സായി കിഷോർ (61), ദിനേശ് കാർത്തിക് (44) എന്നിവരും തിളങ്ങി.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷാറൂഖ് ഖാനാണ് തമിഴ്നാട് സ്കോർ 350 കടത്തിയത്. 39 പന്തിൽ ഏഴ് ഫോറും ആറ് സിക്സും ഷാറൂഖ് നേടി. കർണാടകയ്ക്കായി പ്രവീണ്‍ ദുബെ മൂന്നും പ്രസിത് കൃഷ്ണ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ കർണാടകയ്ക്ക് ദേവ്ദത്ത് പടിക്കലിനെ (0) വേഗം നഷ്ടമായി. വിജയലക്ഷ്യം ചെറുതല്ലാത്തതുകൊണ്ട് തന്നെ കർണാടകയ്ക്ക് ആക്രമിച്ച് കളിക്കേണ്ടിയിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. 6 താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും ആർക്കും മികച്ച ഇന്നിംഗ്സ് കളിക്കാനായില്ല. മനീഷ് പാണ്ഡെ (9) നിരാശപ്പെടുത്തിയപ്പോൾ ശ്രീനിവാസ് ശരത് (43) ആണ് കർണാടകയുടെ ടോപ്പ് സ്കോറർ ആയത്. അഭിനവ് മനോഹർ (34), കൃഷ്ണമൂർത്തി സിദ്ധാർത്ഥ് (29) എന്നിവരും കർണാടകയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തി. തമിഴ്നാടിൻ്റെ സിലമ്പരസൻ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ 3 വിക്കറ്റ് സ്വന്തമാക്കി.