തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ 79 താൽക്കാലിക ബാച്ചുകൾ വഴിയുണ്ടായ സീറ്റുകളിലേക്കുൾപ്പെടെ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനായി 21,790 അപേക്ഷകൾ. രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനുശേഷം ഒഴിവുള്ള സീറ്റുകളും പുതിയ താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്താണ് ട്രാൻസ്ഫർ അലോട്ട്മെൻറിന് അപേക്ഷ ക്ഷണിച്ചത്.
ഏകജാലക രീതിയിൽ പ്രവേശനം നേടിയ വിദ്യാർഥികളാണ് ട്രാൻസ്ഫർ അലോട്ട്മെൻറിനായി അപേക്ഷിച്ചത്. താൽക്കാലിക ബാച്ചുകൾ അനുവദിച്ച കണ്ണൂർ ജില്ലയിലെ ഒരു സ്കൂളും കോഴിക്കോട് ജില്ലയിൽ രണ്ട് സ്കൂളും അനുവദിച്ച സബ്ജക്ട് കോമ്പിനേഷൻ മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിൽ തീരുമാനമെടുത്തശേഷം മൂന്ന് ദിവസത്തിനകം ട്രാൻസ്ഫർ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. തുടർന്ന് ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം സപ്ലിമെൻററി അലോട്ട്മെൻറിനായി അപേക്ഷ ക്ഷണിക്കും. അപേക്ഷ സമർപ്പിച്ചിട്ടും ഇതുവരെ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് ഈ ഘട്ടത്തിലാകും അവസരം ലഭിക്കുക.
അതേസമയം, പുതിയ ബാച്ചുകൾ അനുവദിക്കാനുള്ള നടപടികൾ ആഴ്ചകൾ വൈകിയതിനാൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികളിൽ നല്ലൊരു ശതമാനവും ഓപൺ സ്കൂൾ ഉൾപ്പെടെ സമാന്തര പഠന മാർഗങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇതോടെ പുതിയ ബാച്ച് അനുവദിച്ചതിെൻറ ഗുണം പ്രവേശനം ലഭിക്കാത്തവരിൽ നല്ലൊരു ശതമാനത്തിനും ലഭിക്കില്ലെന്നാണ് സൂചന. സ്കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ നവംബർ 15ന് തുടങ്ങി.