ജിദ്ദ: 2030 ലെ അറബ് സാംസ്കാരിക തലസ്ഥാനമായി റിയാദിലെ ദറഇയ ചരിത്ര നഗരത്തെ തെരഞ്ഞെടുത്തതായി അറബ് ഓർഗനൈസേഷൻ ഫോർ എജുക്കേഷൻ-കൾച്ചറൽ ആൻഡ് സയൻസ് (അലസ്കോ) പ്രഖ്യാപിച്ചു. പ്രാദേശിക സാംസ്കാരത്തിെൻറ ശ്വാശതമായ ചിഹ്നമെന്ന നിലയിലും ശ്രദ്ധേയമായ ധാരാളം സാംസ്കാരിക പൈതൃകങ്ങളും ചരിത്രവും നിലനിൽക്കുന്ന പ്രദേശമെന്ന നിലയിലുമാണ് ദറഇയയെ സാംസ്കാരിക തലസ്ഥാനമായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഈ മാസം 19 മുതൽ 20 വരെ ദുബൈയിൽ നടന്ന അലക്സോ ഓർഗനൈസേഷെൻറ വാർഷിക യോഗത്തിൽ അറബ് സാംസ്കാരിക മന്ത്രിമാർ അംഗീകരിച്ച ഉടനെയാണ് പ്രഖ്യാപനമുണ്ടായത്. 2000ൽ അറബ് സാംസ്കാരിക തലസ്ഥാനമായി റിയാദിനെ തെരഞ്ഞെടുത്തിരുന്നു. രണ്ടാം തവണയാണ് ഒരു സൗദി നഗരം അറബ് സാംസ്കാരിക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2030 ലെ അറബ് സംസ്കാരത്തിെൻറ തലസ്ഥാനമായി ദറഇയയെ തെരഞ്ഞെടുത്തതിലൂടെ സൗദി അറേബ്യയുടെ ആദ്യത്തെ തലസ്ഥാനത്തെ കിരീടമണിയിച്ചിരിക്കുകയാണെന്ന് സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു.
നൂറ്റാണ്ടുകളായി അത് സൃഷ്ടിച്ച ചരിത്രപരവും നാഗരികവുമായ സമ്പന്നത അതിനെ ഏറ്റവും പ്രമുഖമായ ചരിത്ര സ്ഥലങ്ങളാക്കി മാറ്റിയിരിക്കുകയാണ്. നേരത്തെ റിയാദിനെ അറബ് സംസ്കാരത്തിെൻറ തലസ്ഥാനമായി കിരീടമണിയിച്ചതിനു ശേഷമാണ് ഈ തെരഞ്ഞെടുപ്പ്. ഉയർന്ന സാംസ്കാരികവും വൈജ്ഞാനികവുമായ മൂല്യമുള്ള രണ്ട് നഗരങ്ങളുടെ പദവിയെ ഉയർത്തുന്നതാണ് ഇത്. വിഷൻ 2030 െൻറ അതേ വർഷമായതിനാൽ ഇതിന് വലിയ അർഥങ്ങളുണ്ടെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.