ശ്രീലങ്കയുടെ തീവ്രവാദ വിരുദ്ധ നിയമം പരിഷ്കരിക്കണമെന്ന് യുഎൻ വിദഗ്ധർ. തീവ്രവാദ വിരുദ്ധ നിയമം ദീർഘകാലമായി ന്യൂനപക്ഷങ്ങളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ട് ഉപയോഗിച്ചു വരികയാണ്.
ശ്രീലങ്കൻ പ്രിവൻഷൻ ഓഫ് ടെററിസം ആക്ട് (പിടിഎ) പരിഷ്കരിക്കുമെന്ന് വിദേശ നയതന്ത്രജ്ഞരോട് പ്രസിഡന്റ് ഗോതബയ രാജപക്സെ പറഞ്ഞിരുന്നു. എന്നാല്‍ ഈ വർഷമാദ്യം, വിചാരണ കൂടാതെ ദീർഘകാല തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന നിയമം കൂടുതൽ ശക്തമായി ഉപയോഗിക്കുകയാണുണ്ടായത്.
ആഭ്യന്തരവും അന്തർദേശീയവുമായ വർദ്ധിച്ചുവരുന്ന സമ്മർദ്ദങ്ങൾക്കിടയിൽ, രാജപക്സെ സര്‍ക്കാര്‍ പിടിഎയിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ പ്രതിരോധ സെക്രട്ടറി കമൽ ഗുണരത്നെ അധ്യക്ഷനായ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപെട്ട കരട് ഇതുവരെ പുറത്തിറക്കിയിട്ടില്ല.
ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ സാധ്യമാക്കുന്ന പിടിഎയിലെ പോരായ്മകളൊന്നും പരിഹരിക്കപ്പെടുന്നില്ല എന്ന് ശ്രീലങ്കൻ ആക്ടിവിസ്റ്റുകൾ സംയുക്ത പ്രസ്താവനയിൽ പ്രതികരിച്ചു.
ശ്രീലങ്കയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകൾക്ക് അനുസൃതമായി നിയമം ഉണ്ടാക്കുന്നതിന് ‘ആവശ്യമായ മുൻവ്യവസ്ഥകൾ’ ആയ അഞ്ച് മാനദണ്ഡങ്ങൾ ഡിസംബർ 9-ന് ഏഴ് ഐക്യരാഷ്ട്ര മനുഷ്യാവകാശ വിദഗ്ധർ പ്രസിദ്ധീകരിച്ചു. ശ്രീലങ്കൻ പ്രവർത്തകരെപ്പോലെ, പിടിഎയുടെ ഉപയോഗത്തിന് അടിയന്തര മൊറട്ടോറിയത്തിനും അവർ ആഹ്വാനം ചെയ്തിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ ശ്രീലങ്കയുടെ മനുഷ്യാവകാശ ബാധ്യതകൾ പാലിക്കുന്നതിനെക്കുറിച്ച് ഒരു വിലയിരുത്തൽ നടത്തുന്നതിനാൽ വിഷയം കൂടുതൽ പ്രസക്തമാണ്. യൂറോപ്യൻ യൂണിയൻ വിപണിയിലേക്കുള്ള രാജ്യത്തിന്റെ താരിഫ് രഹിത പ്രവേശനം GSP+ എന്ന ഒരു വ്യാപാര പദ്ധതിയെ ആശ്രയിച്ചിരിക്കുന്നു. 2017-ൽ ശ്രീലങ്ക GSP+ വീണ്ടെടുത്തപ്പോൾ പിടിഎ അസാധുവാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്ന് തീരുമാനിച്ചു.
ജൂണിലെ യൂറോപ്യൻ പാർലമെന്റ് പ്രമേയവും ജിഎസ്പി പ്ലസ് മൂല്യനിർണ്ണയവും ശ്രീലങ്കയിൽ അർഥവത്തായ മനുഷ്യാവകാശ പരിഷ്കരണത്തിന് ആക്കം സൃഷ്ടിച്ചു. എന്നാൽ ഫലം ആത്യന്തികമായി യൂറോപ്യൻ യൂണിയന്റെ അഭിലാഷത്തിന്റെയും ഉറപ്പിന്റെയും നിലവാരത്തെ ആശ്രയിച്ചിരിക്കും. കപട പിടിഎ പരിഷ്കരണത്തിലൂടെ യൂറോപ്യൻ യൂണിയൻ സ്വയം കബളിപ്പിക്കപ്പെടാൻ ഇടവരരുതെന്ന് അഭിപ്രായമുണ്ട്.
പ്രസിഡന്റ് രാജപക്സെയുടെ കീഴിൽ ശ്രീലങ്കയിൽ മനുഷ്യാവകാശങ്ങളോടുള്ള ആദരവ് ഭയാനകമാംവിധം കുറഞ്ഞുവരുന്നതിനാൽ, ഈ പ്രവണത മാറ്റാനും മനുഷ്യാവകാശ ബാധ്യതകൾ നിറവേറ്റാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനും ബ്രസൽസിന് ചരിത്രപരമായ അവസരമുണ്ട്. യൂറോപ്യൻ യൂണിയൻ അന്താരാഷ്ട്ര പങ്കാളികളുമായും പ്രവർത്തിക്കണം. കൂടാതെ ശ്രീലങ്കയിൽ കൂടുതൽ ദുരുപയോഗം തടയാൻ പ്രവർത്തിക്കുകയും വേണം.