മക്ക:കഅബയിൽ സ്ഥാപിക്കപ്പെട്ട ഹജറുൽ അസ്വദ് (കറുത്ത ശില) ചുംബിക്കുന്നതിനു നിലവിൽ ഇഅതമർനാ ആപ്ലിക്കേഷൻ മുഖേന അപ്പോയ്മെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇരുഹറം കാര്യ വിഭാഗത്തിന്റെ നിയന്ത്രണങ്ങൾ വിധേയമായി നേരത്തെ ഉണ്ടായിരുന്ന മാതൃക അനുസരിച്ചായിരിക്കും ഹജറുൽ അസ്വദ് ചുംബിക്കാനുള്ള അവസരം.
കഅബയുടെ ഭാഗമായി കണക്കാക്കുന്ന തുറന്ന പ്രദേശത്ത് പ്രവേശിക്കാനുള്ള അനുമതിയും ഇപ്പോൾ നല്കിത്തുടങ്ങിയിട്ടില്ലെന്നും മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു. കഅബയുടെ കിഴക്ക് തെക്ക് മൂലയിൽ സ്ഥിതി ചെയ്യുന്ന ഹജറുൽ അസ്വദ് ചുംബിക്കുന്നതിനും പടിഞ്ഞാറ് തെക്ക് മൂലയായ റുക്നുൽ യമാനി സ്പർശിക്കുന്നതിനും ഹിജ്ർ ഇസ്മായിലിൽ പ്രാർഥന നടത്തുന്നതിനും ആപ്ലിക്കേഷനിൽ അപ്പോയിന്റ്മെന്റ് സംവിധാനം വരുമെന്നു മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് നിലവിൽ അത്തരം ബുക്കിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയത്.
ഉംറ ചെയ്യാതെ തവാഫ് കർമം മാത്രം നിർവഹിക്കുന്നതിന് ഇഅതമർന, തവക്കൽന ആപ്ലിക്കേഷനുകളിൽ “തവാഫ്” എന്ന പേരിൽ പുതിയ ഐക്കൺ ചേർത്തിട്ടുണ്ട്. ഹജറുൽ അസ്വദ് ചുംബിക്കലുമായി ബന്ധപ്പെട്ട് ആരാധകർക്കും തീർഥാടകർക്കും മതാഫിൽ (കഅബയ്ക്ക് ചുറ്റുമുള്ള പ്രദേശം) ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്തു പുതിയ നിർദേശങ്ങൾ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.