അബുദാബി:യുഎഇയിലെ എല്ലാ എമിറേറ്റുകളിലെയും ജീവനക്കാർക്കും സന്ദർശകർക്കും ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങളിലേക്കു പ്രവേശിക്കുന്നതിനുള്ള ഗ്രീൻ പാസ് സംവിധാനം ഏർപ്പെടുത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. പൂർണമായും വാക്സിനേഷൻ എടുത്ത ജീവനക്കാർക്കും സന്ദർശകർക്കും വാക്സിനേഷനിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കും മാത്രമേ 2022 ജനുവരി 3 മുതൽ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. ആരോഗ്യ, രോഗ– പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അടിയന്തര നിവാരണ സമിതിയെയും ഉദ്ധരിച്ചാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചത്.
യുഎഇയിൽ ഏതെങ്കിലും അംഗീകൃത കോവിഡ്-19 വാക്സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചവരും ബൂസ്റ്റർ ഡോസുകൾ എടുത്തവരും അനുവാദമുള്ളവരിൽ ഉൾപ്പെടുന്നു. അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസ് സിസ്റ്റത്തിൽ പച്ച സ്റ്റാറ്റസ് ദൃശ്യമാകാൻ ഇവർ ഓരോ 14 ദിവസത്തിലും പിസിആർ ടെസ്റ്റ് നടത്തണം. വാക്സിനേഷനിൽ നിന്ന് ഒഴിവാക്കപ്പെട്ട ആളുകളെ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കും. എങ്കിലും അവർ ഏഴു ദിവസം കൂടുമ്പോൾ പിസിആർ പരിശോധന നടത്തണം. ലാബ് പരിശോധനകൾ നടത്തേണ്ടതില്ലാത്ത 16 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പുറമേയാണിത്. അൽ ഹൊസ്ൻ ആപ്പിൽ ഗ്രേ നിറത്തിൽ സ്റ്റാറ്റസ് ഉള്ളവർക്ക് പ്രവേശനം നിഷേധിക്കപ്പെടുമെന്നു മന്ത്രാലയം അറിയിച്ചു,