ജിദ്ദ: മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴിയിൽ റാബിഗിനടുത്തുവെച്ച് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. ജിദ്ദ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ ഉണ്ടായ പാണ്ടിക്കാട് സ്വദേശി ബീരാൻ കുട്ടിയുടെ ഭാര്യ റംലത്താണ് മരിച്ചത്. ഇതോടെ നവംബർ 7-നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
മദീനയിലെ മസ്ജിദുന്നബവി സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് ബദർ വഴി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് മറിഞ്ഞ് മലപ്പുറം പാണ്ടിക്കാട് പാണ്ടിക്കാട് തുവ്വൂർ റെയിൽവേ സ്റ്റേഷനടുത്ത് ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) അപകടസ്ഥലത്തുവെച്ച് മരിച്ചിരുന്നു. വാഹനമോടിച്ച പുകയൂർ കൊളക്കാടൻ അബ്ദുൽ റഊഫ്(38) ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
അപകടത്തിൽ മരിച്ച റിഷാദ് അലിയുടെ ഭാര്യ ഫർസീന രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി നാട്ടിലേക്ക് പോയിരുന്നു. മൂന്നര വയസുകാരി മകൾ അയമിൻ റോഹ, ജിദ്ദയിൽ ജോലി ചെയ്യുന്ന തുവ്വൂർ സ്വദേശിയായ നൗഫലിന്റെ ഭാര്യ റിൻസില, മാതാവ് റംലത്ത്, സഹോദരൻ മുഹമ്മദ് ബീൻസ് എന്നിവർക്ക് പരിക്ക് പറ്റിയിരുന്നു. ഇവരിൽ അബ്ദുറഊഫ്, ഫർസീന, റംലത്ത് എന്നിവർക്കാണ് ഗുരുതര പരിക്കുണ്ടായത്.