അബുദാബി : കോവിഡ് വ്യവസ്ഥകൾ കർശനമാക്കുന്നതിന്റെ ഭാഗമായി അബുദാബി അതിർത്തിയിൽ ഗന്ധൂത് ഭാഗത്ത് ഇ.ഡി.ഇ. സ്കാനിങ് ആരംഭിച്ചു. മറ്റ് എമിറേറ്റുകളിൽനിന്ന് റോഡുമാർഗം അബുദാബിയിലേക്ക് പ്രവേശിക്കുന്ന പ്രധാന വഴിയായ ഇവിടെ 15 വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാനാകും വിധത്തിൽ പ്രത്യേക സ്കാനിങ് ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്.
യാത്രചെയ്യുന്നവർക്ക് വാഹനത്തിൽനിന്ന് പുറത്തിറങ്ങുകയോ തിരിച്ചറിയൽ രേഖകൾ നൽകുകയോ ചെയ്യേണ്ട ആവശ്യമില്ല. യാത്രക്കാർ മുഖാവരണം നീക്കി പരിശോധകരുടെ കൈയിലുള്ള മൊബൈൽ സ്കാനർ കൊണ്ട് സ്കാൻ ചെയ്യുന്നതോടെ നടപടികൾ എളുപ്പത്തിൽ പൂർത്തിയാകും. നിമിഷങ്ങൾ മാത്രമാണ് ഇതിനാവശ്യം. ഫലം നെഗറ്റീവെങ്കിൽ അപ്പോൾതന്നെ യാത്രതുടരുകയും ചെയ്യാം.
വാഹനത്തിലുള്ള മുഴുവൻ ആളുകളെയും ഒരേസമയം സ്കാനിങിന് വിധേയമാക്കാൻ ഓരോ ട്രാക്കിലും രണ്ടോ മൂന്നോ ആളുകൾ സേവനമനുഷ്ടിക്കുന്നുണ്ട്. ഈ സ്കാനിങ്ങിൽ കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചാൽ ഉടൻതന്നെ അടുത്തുള്ള ആന്റിജൻ പരിശോധനാകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.
20 മിനിറ്റിനകം കൃത്യമായ ഫലം ലഭിക്കും. ഇത് പോസിറ്റീവ് ആണെങ്കിൽ മറ്റ് എമിറേറ്റുകളിലെ താമസക്കാരായവരെ മടക്കിയയക്കും. അബുദാബിയിൽ താമസിക്കുന്ന വ്യക്തിയാണെങ്കിൽ ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന കോവിഡ് വ്യവസ്ഥകൾ പാലിക്കണം. കോവിഡ് ബാൻഡുകൾ ധരിച്ച് താമസകേന്ദ്രങ്ങളിൽ ഐസോലേഷനിൽ പ്രവേശിക്കണം.