ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (Dubai International Airport) മൂന്നാം ടെർമിനലിലുള്ള കോൺകോഴ്സ് എ (Concourse A at Terminal 3) പൂർണമായും തുറന്നതോടെ വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തിച്ചു തുടങ്ങി. വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളും കോൺകോഴ്സുകളും ലോഞ്ചുകളും റസ്റ്റോറന്റുകളും മറ്റ് റീട്ടെയിൽ ഔട്ട്ലെറ്റുകളുമെല്ലാം ഇപ്പോൾ പൂർണതോതിൽ പ്രവർത്തിക്കുകയാണെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അധികൃതർ അറിയിച്ചു.
ദുബൈ വിമാനത്താവളത്തിലെ മൂന്നാം ടെർമിനൽ മാത്രം ഡിസംബറിന്റെ രണ്ടാം പകുതിയിൽ 16 ലക്ഷത്തിലധികം യാത്രക്കാർ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിസംബർ അവസാനത്തിലേക്ക് കടക്കുന്നതോടെ വിമാനത്താവളത്തിൽ ഓരോ ദിവസം കഴിയുംതോറും തിരക്കേറുകയാണ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ദുബൈയിലെ സന്ദർശകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞത്. നവംബറിൽ പ്രതിവാരം 10 ലക്ഷം സന്ദർശകരെന്ന നിർണായക നാഴികക്കല്ല് പിന്നിട്ടു. കൊവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണം 94 ശതമാനത്തിലെത്തി.
വിമാനത്താവളത്തിലെ 100 ശതമാനം സൗകര്യങ്ങളും ഉപഭോക്താക്കൾക്കായി തുറന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ദുബൈയിലേക്ക് നിരവധി സന്ദർശകരെത്തുന്നത് വ്യോമഗതാഗത മേഖലയ്ക്കും ദുബൈയുടെ സാമ്പത്തിക വളർച്ചയ്ക്കും ഉണർവേകുമെന്ന് ദുബൈ എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്സ് പറഞ്ഞു.
ഏറ്റവും മികച്ച ആരോഗ്യ സുരക്ഷാ നടപടികൾ വിമാനത്താവളത്തിൽ സ്വീകരിച്ചിട്ടുണ്ട്. ഫ്രാസ്ട്രാക്ക് കൊവിഡ് പി.സി.ആർ പരിശോധനാ സംവിധാനവും കൂടുതൽ മികച്ച കസ്റ്റമർ സർവീസും ഉറപ്പാക്കി യാത്രക്കാർക്ക് വേണ്ട എല്ലാ സേവനങ്ങളും വേഗത്തിൽ നൽകുന്നതിലൂടെ കൊവിഡിന് മുമ്പുള്ള കാലത്തുണ്ടായിരുന്ന യാത്രാ അനുഭവം തിരിച്ചെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.