മഡ്ഗാവ്: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരേ തകര്‍പ്പന്‍ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മുംബൈയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ജയമാണിത്.
സഹൽ അബ്ദുൽ സമദ്, അൽവാരോ വാസ്ക്വസ്, ജോർജ് പെരെയ്ര ദയസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. തോൽവിക്കിടയിലും മൗർട്ടാഡ ഫാൾ ചുവപ്പ്കാർഡ് കണ്ട് പുറത്തായതും മുംബൈക്ക് ക്ഷീണമായി.
27-ാം മിനുറ്റിൽ സഹലാണ് ഗോളിന് തുടക്കമിട്ടത്. രണ്ടാം പകുതിക്ക് ശേഷം രണ്ട് ഗോളുകൾ കൂടി അടുത്തടുത്ത് വന്നതോടെ മുംബൈ കളത്തിന് പുറത്തായി. പിന്നീട് അവർക്ക് തിരിച്ചുവരാനായില്ല. 47-ാം മിനറ്റിലായിരുന്നു അൽവാരോ വാസ്ക്വസിന്റെ ഗോൾ. 51-ാം മിനുറ്റിൽ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ജോർജ് പെരെയ്ര ദയസ് ലീഡ് മൂന്നിലേക്ക് ഉയർത്തിയത്.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമടക്കം 9 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്.