ദുബൈ: യു.എ.ഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രി അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് അല്‍ ഉവൈസുമായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ കൂടിക്കാഴ്ച നടത്തി.ആരോഗ്യ മേഖലയില്‍ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച വിഷയങ്ങളെ കുറിച്ച് ഇരുവരും കൂടിയാലോചന നടത്തുകയും ധാരണയിലെത്തുകയും ചെയ്തു.
കേന്ദ്രമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിെന്റ ഭാഗമായി അബൂദബിയിലാണ് കൂടിക്കാഴ്ച നടന്നത്. മഹാമാരിയുടെ കാലത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്ന മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് ഇരു രാജ്യങ്ങള്‍ക്കുമുള്ള കാഴ്ചപ്പാടുകള്‍ മന്ത്രിമാര്‍ ചര്‍ച്ചയില്‍ പങ്കുവെച്ചു.ഇരു രാജ്യങ്ങളും തമ്മിലെ ആരോഗ്യ മേഖലയിലെ ബന്ധം വികസിപ്പിക്കുന്നതിൻറെ പ്രാധാന്യവും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള ഭാവി പദ്ധതികളെ കുറിച്ചും ചര്‍ച്ച നടന്നു.
ഇന്ത്യയുമായുള്ള നിലവിലുള്ള സഹകരണം ആരോഗ്യ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് അല്‍ ഉവൈസ് അഭിപ്രായപ്പെട്ടു. ഫലപ്രദമായ ആസൂത്രണവും ക്രിയാത്മകമായ സുരക്ഷ നടപടികളും വിവേകപൂര്‍വമായ നേതൃത്വവുമാണ് കോവിഡ് മഹാമാരിയെ നേരിടുന്നതിന് യു.എ.ഇയെ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ സംരക്ഷണത്തില്‍ ഉഭയകക്ഷി സഹകരണം വളര്‍ത്തിയെടുക്കാനും മികച്ച മെഡിക്കല്‍ പ്രാക്ടീസുകള്‍, വാക്സിനുകള്‍ എന്നിവ പരസ്പരം കൈമാറാനും ഇന്ത്യ ആഗ്രഹിക്കുന്നതായി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി.
ആരോഗ്യ മേഖലയില്‍ യു.എ.ഇ കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. നേരത്തെ കേന്ദ്രമന്ത്രി യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് ശക്ബൂത് നഹ്യാന് ആല് നെഹ്യാനുമായും കൂടിക്കാഴ്ച നടത്തി. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ദുബൈ കോണ്‍സുല്‍ ജനറല്‍ ഡോ. അമന് പുരി എന്നിവരും കൂടിക്കാഴ്ചയില്‍ മന്ത്രിയെ അനുഗമിച്ചു.