കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടയിൽ കോവിഡ് പ്രതിരോധ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് ഒരു ലക്ഷത്തോളം പേർ. സ്വദേശികളും വിദേശികളും അടക്കം 90,000പേർ കോവിഡ് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ഔദ്യോഗികമായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ വലിയ തിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്.
കുവൈത്തിൽ അംഗീകാരമുള്ള വാക്സിനുകളുടെ ആദ്യ രണ്ടുഡോസ് സ്വീകരിച്ച് 6 മാസം പൂർത്തിയായ മുഴുവൻ ആളുകൾക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്.
എന്നാൽ ഹൈ റിസ്ക് കാറ്റഗറിയിൽ വരുന്ന ആളുകൾക്ക് 6 മാസ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ വിദഗ്ധരുടെ നിർദേശത്തോടെ ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണ് എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.