ദുബായ് :മണിക്കൂറിൽ 1250 വാഹനങ്ങളുടെ ഗതാഗത ശേഷി വർധിപ്പിച്ച് അൽഖൂസിൽ പുതിയ റോഡ് പദ്ധതി വരുന്നു. അൽഖൂസ് 2ൽ 16 കിലോമീറ്റർ ദൈർഘ്യമുള്ള ഉൾ റോഡുകൾ നിർമിക്കുന്നതിനുള്ള കരാർ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
പ്രദേശത്തിന്റെ നഗരവൽക്കരണ ആവശ്യങ്ങൾ നിറവേറ്റുന്നതിനും താമസക്കാർക്ക് സന്തോഷം നൽകുന്നതിനും ഇത് ലക്ഷ്യമിടുന്നു. പദ്ധതി പ്രാഥമികമായി അൽ ഖൈൽ റോഡിനും മൈതാൻ റോഡിനും ഇടയിൽ മാർക്കറ്റ് കോംപ്ലക്സ്, അൽ ഖൂസ് ലേയ്ക്ക് പാർക്ക് എന്നിവ സ്ഥിതി ചെയ്യുന്ന അൽ ഖൂസ് 2 ന് ഗുണം ചെയ്യുമെന്ന് ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ചെയർമാനുമായ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു.
ഏകദേശം 3000 നിവാസികൾക്ക് സേവനം ലഭിക്കുന്നതാണ്. കൂടാതെ, അൽ മൈതാൻ റോഡിലേയ്ക്കും പുറത്തേയ്ക്കും ഉള്ള എൻട്രി/എക്സിറ്റ് പോയിന്റ് മെച്ചപ്പെടുത്തുകയും ചെയ്യും.