ചെങ്ങന്നൂർ: ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരങ്ങളെക്കുറിച്ച് പുത്തൻ തലമുറ ബോധവാന്മാരായിരിക്കണമെന്ന് ചെങ്ങന്നൂർ നഗരസഭാ മുൻ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു. ഭരണഘടന മൂല്യങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുത്തൻകാവ് മെട്രോപോലീത്തൻ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം പുത്തൻകാവ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഭരണഘടന വിളംമ്പര സന്ദേശ മതിൽ ഒപ്പുശേഖരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന മനസ്സിലാക്കുകയും നിഷേധിക്കപ്പെടുമ്പോൾ അധികാരങ്ങൾ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങുവാനും പുതിയ തലമുറയ്ക്ക് കഴിയണം.ഭരണഘടന ലംഘനം നടത്തുന്നവരെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ യുവതലമുറയുടെ പിന്തുണ അനിവാര്യമാണ്. സന്നദ്ധ സംഘടനകൾ ഭരണഘടനാധികാരങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ തയ്യാറാകണമെന്നും ഷിബു രാജൻ പറഞ്ഞു.
പ്രോഗ്രാം ഓഫീസർ ലിജി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രേഗ്രാം ഓഫീസർമാരായ വി.വി. മിനിമോൾ, ബിറ്റു ഐപ്പ്, വോളണ്ടിയർ ലീഡേഴ്സായ കെൽവിൻ കെ.മാമ്മൻ, മെർലിൻ മേരി മാത്യു,, അമൃത ജി. ലക്ഷമി, വോളണ്ടിയർമാരായ, ഡി.ഡെൽവിൻ, എസ്.ആദിത്യൻ, ജോയൽ, ചാക്കോ ടൈറ്റസ്, ആദിത്യ വിജയൻ, അഖിൽ, എസ്.ഹരിനന്ദൻ എന്നിവർ പ്രസംഗിച്ചു.