തൃശൂർ: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യയാത്ര പദ്ധതിയുമായി തൃശൂർ കോർപറേഷൻ. ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടി മേയർ സമൂഹമാധ്യമത്തിൽ വിഷയം പങ്കുവെച്ചു. മുതിർന്ന പൗരന്മാർക്കും അംഗവൈകല്യം ഉള്ളവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകി സ്വരാജ് റൗണ്ടിലൂടെ സൗജന്യ ബസ് സർവിസ് നടത്താനാണ് ആലോചന. ഇതേക്കുറിച്ചുള്ള അഭിപ്രായമറിയിക്കാനാണ് മേയർ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടത്.
നിരവധിയാളുകൾ പദ്ധതിയെ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, മറ്റ് ചില പദ്ധതികളും പങ്കുവെച്ചിട്ടുമുണ്ട്. നഗരത്തിലെ ഗതാഗതം സുഗമമാക്കാൻ കോർപറേഷൻ പ്രത്യേകം പദ്ധതി തയാറാക്കണം, നഗരത്തിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ വരവുകുറക്കാൻ പദ്ധതിയൊരുക്കണം, മുതിർന്ന പൗരന്മാർ സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാർ എന്നിങ്ങനെ വേർതിരിവില്ലാതെ എല്ലാവർക്കും സൗജന്യയാത്ര സൗകര്യമൊരുക്കണം, പഴയ സിറ്റി സർവിസ് പുനരാരംഭിക്കണം തുടങ്ങിനിരവധി പദ്ധതികളും ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ പങ്കുവെച്ചിട്ടുണ്ട്.