കോട്ടയം: സഹോദരനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി കുറ്റിക്കാട്ടിൽ ഒളിച്ച പെൺകുട്ടിയെ കണ്ടെത്തി. ഒരു രാത്രി മുഴുവൻ വീട്ടുകാരെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയ പെൺകുട്ടിയെ സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്.
പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിൽ രാവിലെ ആറരയോടെയാണ് വിദ്യാർത്ഥിനിയെ കണ്ടെത്തുന്നത്. കറുകച്ചാൽ പൂണിക്കാവ് സ്വദേശിനിയായ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ് വീട്ടുകാരെയും നാടിനെയും ആശങ്കയിലാക്കി ഒളിച്ചത്.
വെള്ളാവൂർ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് ഇന്നലെ രാത്രി 7.30നാണ് സംഭവം. ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട് നാട്ടുകാർ എവിടെപ്പോകുന്നു എന്നു ചോദിച്ചതോടെ പെൺകുട്ടി സമീപത്തെ കാടും പടർപ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഓടിമറയുകയായിരുന്നു.
തുടർന്ന് രാത്രി വൈകിയും കുട്ടിക്കായി തിരച്ചിൽ തുടർന്നിരുന്നു. സഹോദരന് വഴക്കുപറഞ്ഞതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. പതിവിലും വൈകിയാണ് പെണ്‍കുട്ടി സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്.
വൈകാനിടയായ കാരണം ചോദിച്ച സഹോദരൻ പെൺകുട്ടിയെ ശാസിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത്. സന്ധ്യയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്.
രാത്രി ഏഴരയോടെ ആനക്കല്ല് ഭാഗത്ത് പെണ്‍കുട്ടി റോഡിലൂടെ നടന്നുപോകുന്നത് കണ്ടതായി പ്രദേശവാസികള്‍ കണ്ടിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു.