അബുദാബി: മുസ്ലിമേതര വിഭാഗക്കാര്‍ക്കായി ആരംഭിച്ച പുതിയ കോടതിയില്‍ ഹാജരാകാന്‍ പ്രവാസി അഭിഭാഷകര്‍ക്ക് അവസരം നല്‍കുന്നത് അബുദാബി അധികൃതരുടെ പരിഗണനയില്‍.അബുദാബിയിലെ നിയമ സംവിധാനത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. നിലവില്‍ യു.എ.ഇ പൗരന്മാരായ അഭിഭാഷകരെ മാത്രമാണ് കോടതികളില്‍ ഹാജരാവാന്‍ അനുവദിക്കുന്നത്.
അടുത്തിടെ രൂപപ്പെടുത്തിയ സുപ്രധാന നിയമ പരിഷ്കാരങ്ങളുടെ ഭാഗമായി രാജ്യത്തെ അമുസ്ലിംകള്ക്കുവേണ്ടി കഴിഞ്ഞദിവസം അബുദാബിയില്‍ ആരംഭിച്ച കോടതിയില്‍ വരുന്ന കേസുകളില്‍ ഹാജരാകാനാണ് പ്രവാസി അഭിഭാഷകരെ അനുവദിക്കുന്ന കാര്യം നിയമവകുപ്പ് പരിഗണിക്കുന്നത്. സ്വദേശികളും വിദേശികളുമായ ജഡ്ജിമാരെ കോടതിയില്‍ നിയമിക്കാനും വകുപ്പിന് പദ്ധതിയുണ്ട്.
വിവാഹം, കസ്റ്റഡി, വിവാഹമോചനം, പിതൃത്വം, അനന്തരാവകാശം, വ്യക്തിപദവി തുടങ്ങിയ വിഷയങ്ങളിലെ കേസുകളാവും ഈ കോടതിയില്‍ എത്തുക. അറബിക്ക് പുറമെ ഇംഗ്ലീഷ് ഭാഷയിലും കോടതി വാദം കേള്‍ക്കും.