ഇടുക്കി: തൊടുപുഴയില്‍ ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 41കാരനായ പിതാവിന് 35 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പീഡനക്കേസില്‍ തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2014 മേയ് 24നാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസില്‍ പഠിക്കുന്ന മകളെയാണ് പിതാവ് പീഡനത്തിനിരയാക്കിയത്. വീട്ടിലുണ്ടായിരുന്ന അമ്മ ജോലിക്ക് പോയ സന്ദര്‍ഭത്തിലും സഹോദരന് കളിക്കാന്‍ പോയപ്പോഴുമാണ് പിതാവ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിതന്നെയാണ് അമ്മയോട് പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് വനിതാ ഹെല്‍പ്പ് ലൈന്‍ വഴിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്. അമ്മയും മുത്തശ്ശിയും ഉള്‍പ്പെടെ പതിമൂന്ന് പേരെ പ്രോസിക്യൂഷന് സാക്ഷികളായി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ടി.വി വാഹിദ ഹാജരായി.
12 വയസില്‍ താഴെയുള്ള കുട്ടിയായതിനാല്‍ ബലാത്സംഗത്തിന് 10 വര്‍ഷം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറ്റം പലതവണ ആവര്‍ത്തിച്ചതിനാല്‍ 10 വര്‍ഷം തടവും 50000 രൂപ പിഴയുംകൂടി ചുമത്തി. പ്രതി കുട്ടിയുടെ രക്ഷകര്‍ത്താവായതിനാല്‍ വീണ്ടും പതിനഞ്ചു വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി എന്നതിനാല്‍ പ്രതിക്ക് 15 വര്‍ഷമാണ് ജയിലില്‍ കഴിയേണ്ടിവരിക.