യാംബു: യുനെസ്കോ പൈതൃകപ്പട്ടികയില്‍ അറബി കാലിഗ്രഫിയും ഇടംപിടിച്ചു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ 15 അറബ് രാജ്യങ്ങള്‍ യു.എന്‍ എജുക്കേഷനല്‍-സയന്റിഫിക് ആന്‍ഡ് കള്‍ചറല്‍ ഓര്ഗനൈസേഷന് (യുനെസ്കോ) നല്കിയ അപേക്ഷപ്രകാരമാണ് നടപടി.യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃകപ്പട്ടികയിലാണ് ഉള്‍പ്പെട്ടത്.
അറബി കാലിഗ്രഫി മഹത്തായ സാംസ്കാരിക പൈതൃകം പ്രകടമാക്കുന്നതും അത്യാകര്ഷക സൗന്ദ്യര്യം വെളിപ്പെടുത്തുന്നതും അറബി ലിപികളുടെ കലാപരമായ മികവാര്‍ന്ന ഒരു കലാരൂപവുമാണെന്ന് യുനെസ്കോ വ്യക്തമാക്കി. കാലിഗ്രഫിയുടെ ചരിത്രപരമായ അമൂല്യ സംഭാവനകള്‍ ലോകത്തിെന്റ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ സൗദി മുന്‍കൈെയടുത്ത് നടത്തിയ പ്രയത്നമാണ് ഫലം കണ്ടതെന്ന് സൗദി സാംസ്കാരിക മന്ത്രി അമീര്‍ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്ഹാന് പറഞ്ഞു.
2020, 2021 വര്‍ഷങ്ങള്‍ അറബി കാലിഗ്രഫി വര്‍ഷങ്ങളായി സൗദി ആചരിച്ചതും കലാരൂപം ജനകീയമാക്കാന്‍ സാംസ്കാരിക മന്ത്രാലയം നടത്തിയ ശ്രമങ്ങളും ഇതിെന്റ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറബ് ദേശീയ സ്വത്വത്തിെന്റയും സംസ്കാരത്തിെന്റയും പ്രതീകമാണ് അറബി കാലിഗ്രഫി. അതിന് സൗദി ചരിത്രത്തിെന്റ പിന്‍ബലവുമുണ്ട്. ഇസ്ലാമിക നാഗരികത ജന്മംനല്കിയ കലകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ അറബി അക്ഷരങ്ങള്‍ കൊണ്ടുള്ള ചിത്രവേല.
സ്ഥാപനങ്ങളുടെ പേരുകള്‍ കുറിച്ചുകൊണ്ടുള്ള ഫലകങ്ങളിലും കെട്ടിടങ്ങള്‍ക്കും മറ്റും ഭംഗി പകരാനും ഈ കലാരൂപം വ്യാപകമായി ഉപയോഗിക്കുന്നു.ആധുനിക ചിത്രകലയിലെ മിക്ക സങ്കേതങ്ങളും അറബി കാലിഗ്രഫിയിലൂടെ പ്രകടമാക്കാന്‍ കഴിയുന്ന വിധത്തില്‍ ഈ കല വളര്‍ന്നത് അതിൻറെ സര്‍ഗമൂല്യത്തെ അടയാളപ്പെടുത്തുന്നതായി നിരൂപകര്‍ വിലയിരുത്തുന്നു.
ഖുര്‍ആന്‍ സൂക്തങ്ങള്‍ കാലിഗ്രഫി രീതിയില്‍ എഴുതി ജീവജാലങ്ങളെയും മറ്റും ഭംഗിയായി ചിത്രീകരിക്കുന്ന രീതിയും സാധാരണമാണ്. മുളക്കമ്ബുകള് ചെറുതായി മുറിച്ച് ഒരറ്റം ചരിച്ചുവെട്ടിയെടുത്ത് മഷിയില്‍ മുക്കിയാണ് പഴയ കാലത്ത് കാലിഗ്രഫി ചെയ്തിരുന്നത്. ഇപ്പോള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്ന പ്രത്യേക പേനകളും ബ്രഷുകളുമൊക്കെ സുലഭമാണ്. ഓരോ അക്ഷരവും ക്ലിപ്തമായ അളവില്‍ത്തന്നെ വിന്യസിക്കപ്പെടേണ്ടതുണ്ട്.
ഖുര്‍ആനിക സൂക്തങ്ങള്‍ ചിത്രങ്ങളില്‍ ഉപയോഗിക്കപ്പെട്ടത് മുസ്ലിംകള്ക്ക് ഈ കലാരൂപത്തോട് സവിശേഷ താല്പര്യമുണ്ടാകാന് കാരണമായി. മലയാളി വിദ്യാര്‍ഥികളും അറബ് കാലിഗ്രഫിയില്‍ ഇപ്പോള്‍ ഏറെ മികവ് പുലര്‍ത്തുന്നു. അറബികളെ വെല്ലുന്ന വിധത്തില്‍ കാലിഗ്രഫി കരവിരുത് തെളിയിച്ച നിരവധി മലയാളി കലാകാരന്മാരുണ്ട്. സൗദിയിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളില്‍ പലരും ഇതിനകം കാലിഗ്രഫിയില്‍ തങ്ങളുടെ കഴിവും താല്പര്യവും തെളിയിച്ചിട്ടുണ്ട്.