അജ്മാന്: ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ ഈടാക്കുന്ന ആര്.ടി പി.സി.ആര് ടെസ്റ്റ് നിരക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി.പാര്‍ലമെന്റ് ഡെപ്യുട്ടി സ്പീക്കര്‍ രമാ ദേവിയെ ഡല്‍ഹിയിലുള്ള ഓഫിസില്‍ സന്ദര്‍ശിച്ച് സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരിയാണ് നിവേദനം നല്‍കിയത്.
യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവരില്‍നിന്നും വിവിധ വിമാനത്താവളങ്ങളില്‍ വ്യത്യസ്ത നിരക്കാണ് ഇപ്പോള്‍ ഈടാക്കുന്നത്.എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളില്‍ അടുത്തിടെ ചെറിയ നിരക്കിളവ് പ്രഖ്യാപിച്ചപ്പോള്‍ മറ്റു വിമാനത്താവളങ്ങള്‍ ഇപ്പോഴും ഭീമമായ സംഖ്യയാണ് ഈടാക്കുന്നത്.
എല്ലാ പൗരന്മാരോടും തുല്യനീതി നടപ്പാക്കണമെന്നും അഷ്റഫ് താമരശ്ശേരി നിവേദനത്തില്‍ ആവശ്യപ്പെട്ടു.കുട്ടികളടക്കമുള്ള കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ക്ക് താങ്ങാനാവാത്ത നിരക്കാണിതെന്നും യു.എ.ഇയില്‍നിന്നുള്ള യാത്രക്കാരെയാണ് ഈ നിരക്ക് ഏറെ ബാധിക്കുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.