ന്യൂഡൽഹി: പരസ്യമായി പരസ്പരം മോശമായി സംസാരിക്കുന്നത് ശരിയല്ലെന്ന് ഇന്ത്യൻ മുൻ നായകൻ കപിൽ ദേവ്. ബോർഡ് പ്രസിഡന്റ് ബോർഡ് പ്രസിഡന്റാണ്. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ എന്നതും വലിയ കാര്യമാണ്. എന്നാൽ പരസ്യമായി പരസ്പരം മോശമായി സംസാരിക്കുന്നത് ശരിയല്ല, അത് കോഹ് ലി ആയാലും ഗാംഗുലി ആയാലും…
ദയവായി ഈ സാഹചര്യം നിയന്ത്രിക്കൂ. രാജ്യത്തെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. ഈ സമയം ആർക്കെങ്കിലും എതിരെ വിരൽ ചൂണ്ടുന്നത് ശരിയല്ല. സൗത്ത് ആഫ്രിക്കൻ പര്യടനമാണ് മുൻപിൽ വരുന്നത്. ദയവായി പര്യടനത്തിൽ ശ്രദ്ധ കൊടുക്കൂ എന്നും കപിൽ ദേവ് പറഞ്ഞു.
എവിടെയാണ് തെറ്റ് സംഭവിച്ചത് എന്ന് നമ്മുക്ക് അറിയാനാവും. എന്നാൽ പര്യടനത്തിന് മുൻപ് ഒരു വിവാദം സൃഷ്ടിക്കുന്നത് ശരിയല്ല എന്നും കപിൽദേവ് ചൂണ്ടിക്കാണിക്കുന്നു. സൗത്ത് ആഫ്രിക്കൻ പര്യടനത്തിനായി കോഹ് ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം യാത്ര തിരിച്ചു.
സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് കോഹ്ലി നടത്തിയ വാർത്താ സമ്മേളനം ആണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ടി20 നായക സ്ഥാനം രാജി വെക്കരുത് എന്ന് കോഹ് ലിയോട് ആവശ്യപ്പെട്ടതായാണ് ഗാംഗുലി പറഞ്ഞിരുന്നത്. എന്നാൽ തന്നോട് ആരും രാജി വെക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോഹ് ലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.