ദുബായ്: ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധമാണ് അമേരിക്കക്ക്. അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യമില്ലാത്തതോ സൈനിക സഹായമില്ലാത്തതോ ആയ ഗള്‍ഫ് രാജ്യമില്ല.ഇറാന്റെ ഭീഷണിയില്‍ നിന്ന് ഗള്‍ഫ് മേഖലയ്ക്ക് സംരക്ഷണം നല്‍കുന്നതിന് അമേരിക്കന്‍ നാവിക സേനാ കപ്പലുകള്‍ ചെങ്കടലിലും മധ്യധരണ്യാഴിയിലും റോന്തു ചുറ്റുന്നുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്ക എപ്പോഴും സംശയത്തോടെയാണ് ഗള്‍ഫ് മേഖലയെ നോക്കുന്നത്. വന്‍ സമ്ബന്ന രാജ്യങ്ങളായ ഗള്‍ഫില്‍ ചൈനയുടെ സാന്നിധ്യം ഏറി വരുന്നതാണ് അമേരിക്കയെ ആശങ്കയിലാഴ്ത്തുന്നത്. അതിനിടെയാണ് അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് യുഎഇ പുതിയ തീരുമാനം കൈക്കൊണ്ടത്.
അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങുന്ന എല്ലാ ചര്‍ച്ചകളും നിര്‍ത്തിവയ്ക്കാന്‍ പോകുകയാണ് യുഎഇ. ഇക്കാര്യം യുഎഇയുടെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയും വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തു. 2300 കോടി ഡോളറിന്റെ ഇടപാട് നിലയ്ക്കാന്‍ പോകുന്നു എന്നത് അമേരിക്കയ്ക്ക് ആലോചിക്കാന്‍ പോലുമാകില്ല. ഭാവി ഇടപാടുകളെയും ഇത് ബാധിക്കുമോ എന്ന ആശങ്കയും ബാക്കിയാണ്.
എഫ്-35 യുദ്ധ വിമാനങ്ങളും ഡ്രോളണുകളും മറ്റു വെടിക്കോപ്പുകളുമെല്ലാം വാങ്ങുന്ന പ്രതിരോധ കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്നാണ് യുഎഇ പിന്മാറുമെന്ന് അറിയിച്ചത്. അമേരിക്കയുടെ ലോഖീഡ് മാര്ട്ടിന് എന്ന കമ്ബനിയാണ് യുഎഇക്ക് 50 യുദ്ധ വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കുക. അത്യാധുനിക ശേഷിയുള്ള യുദ്ധ വിമാനവുമായി ബന്ധപ്പെട്ട ഇടപാടില്‍ നിന്ന് യുഎഇ പിന്നോക്കം പോകാന്‍ കാരണമുണ്ട്.
യുഎഇയുടെ അടുത്തിടെയുള്ള പല ഇടപാടുകളും അമേരിക്ക സംശയത്തോടെയാണ് നോക്കുന്നത്. ചൈനയുടെ അമിതമായ ഇടപെടല്‍ യുഎഇയിലുണ്ടെന്ന് അമേരിക്ക സംശയിക്കുന്നു. ചൈനയും യുഎഇയും ബന്ധം ശക്തിപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ സൈനിക ഇടപാടുകള്‍ നടത്തുന്നത് രഹസ്യം ചോരാന്‍ കാരണമാകുമോ എന്നാണ് അമേരിക്കയുടെ ആശങ്ക.
ചൈനയുടെ ഹാവി 5ജി ടെക്നോളജി രാജ്യത്ത് ഉപയോഗിക്കാന്‍ യുഎഇ പദ്ധതിയിടുന്നത് അമേരിക്കയുടെ സംശയം ഇരട്ടിയാക്കിയിരിക്കുകയാണ്. ഇത്തരം സംശയകരമായ കാര്യങ്ങള്‍ വര്‍ധിച്ചുവരുന്നത് കൊണ്ട് അമേരിക്കയുമായുള്ള ആയുധ ഇടപാട് നീണ്ടുപോകുകയാണ്. ഈ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുമെന്ന് യുഎഇ അറിയിക്കാന്‍ കാരണം. ഭാവിയില്‍ ആയുധ ഇടപാട് കരാര്‍ ചര്‍ച്ച പുനരാരംഭിക്കാനുള്ള സാധ്യതയും യുഎഇ തള്ളുന്നില്ല.
ഈ ആഴ്ച തന്നെ യുഎഇ-അമേരിക്ക ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം പെന്റഗണില്‍ നടക്കും. ആയുധ ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അതേസമയം, ലോഖീഡ് മാര്ട്ടിന് കമ്ബനി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.