തിരുവനന്തപുരം: പി.ജി ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും. സമരരീതിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചു എന്ന് സര്‍ക്കാര്‍ പറയുമ്പോഴും വ്യക്തത വരുത്താന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. നോണ്‍ അക്കാദമിക് റസിഡന്റ് ഡോക്ടര്‍മാരുടെ നിയമനത്തിലും സ്റ്റൈപെന്‍ഡ് അടക്കമുള്ള ആവശ്യങ്ങളിലും സര്‍ക്കാര്‍ പറയുന്ന കാര്യം സ്വീകാര്യമല്ലെന്ന് പി.ജി ഡോക്ടര്‍മാര്‍ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജുമായി സമരം തുടങ്ങിയ ശേഷം ഇന്നലെ നടത്തിയ രണ്ടാം ചർച്ചയും വിജയമായിരുന്നില്ല. സമരം ചെയ്യുന്ന പിജി ഡോക്ടർമാരുമായി ഇന്ന് ആരോഗ്യവകുപ്പിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ചർച്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ചർച്ച. സ്റ്റൈപ്പൻഡ് വർധിപ്പിക്കണമെന്നും കൂടുതൽ നോൺ അക്കാദമിക്ക് റസിഡന്‍റ് ഡോക്ടർമാരെ നിയമിക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യങ്ങളിൽ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ തല ചർച്ച. ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലം വ്യക്തത നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം.ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തങ്ങളുടെ പല ആവശ്യങ്ങളോടും വകുപ്പ് അനുകൂലമായാണ് പ്രതികരിച്ചതെന്ന് പിജി ഡോക്ടർമാരുടെ അസോസിയേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

















