തിരുവനന്തപുരം: പി.ജി. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരമാര്‍ഗം മുന്നോട്ടുവെച്ച് സര്‍ക്കാര്‍. ജോലിഭാരം കുറയ്ക്കാന്‍ നിലവിലുള്ള സീനിയര്‍ ഡോക്ടര്‍മാരെ മാറ്റി ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സ്റ്റൈപെൻഡ് വര്‍ദ്ധന സംസ്ഥാനത്തെ ധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
പി.ജി. ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു. റെസിഡൻസി മാനുവൽ അനുസരിച്ചാണോ മെഡിക്കൽ കോളജുകളിൽ കാര്യങ്ങളെന്ന് പരിശോധിക്കും. 249 സീനിയർ റെസിഡന്റുമാരെ പിരിച്ചുവിട്ട് ജൂനിയർ റസിഡന്റുമാരെ നിയമിക്കാമെന്നും കൂടുതൽ സീനിയർ റസിഡന്റുമാരെ നിയമിക്കാനുള്ള പരിമിതികൾ പി ജി ഡോക്‌ടേഴ്‌സിനെ അറിയിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങൾക്ക് ചികിത്സ നിഷേധിക്കാൻ പാടില്ല. സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചു. സമരം അവസാനിപ്പിക്കണമെന്ന് പി ജി ഡോക്‌ടേഴ്‌സിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടിയാലോചനകൾക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് പി ജി ഡോക്‌ടേഴ്‌സ് പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക, സ്‌റ്റൈപന്റ് വര്‍ദ്ധന, തുടങ്ങിയ ആവശ്യങ്ങളാണ് പി.ജി. ഡോക്ടര്‍മാര്‍ ഉന്നയിച്ചത്. ആവശ്യങ്ങള്‍ നേരിട്ട് സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും അതിന് പകരമായി സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയായിരുന്നു.
അതേസമയം, മന്ത്രിയുമായുള്ള ചർച്ചയിൽ ആവശ്യങ്ങളിൽ വ്യക്തത കിട്ടിയില്ലെന്നാണ് സമരക്കാർ പറയുന്നത്. നിലവിലെ സമരം തുടരാനാണ് മെഡിക്കൽ പിജി വിദ്യാർത്ഥികളുടെ തീരുമാനം. ആവശ്യങ്ങളിൽ രേഖാമൂലം വ്യക്തത വരുത്തണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡോക്ടർമാർ.

















