തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം പദ്ധതിക്കായി ധനസഹായം നല്‍കുന്നില്ലെന്നും മുഴുവന്‍ ബാധ്യതയും സംസ്ഥാനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്കുവേണ്ടി വായ്പ എടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തെ പോലും നിഷേധിക്കുകയാണ്. അംഗീകരിച്ച പദ്ധതികളില്‍ നിന്ന് പോലും കേന്ദ്രം പിന്മാറുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പദ്ധതി പൂര്‍ത്തിയാക്കാനുള്ള മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത് 63, 941 കോട് രൂപയാണ്. 2025 വരെയുള്ള ചെലവു വര്‍ധനവും നികുതികളും നിര്‍മാണ ഘട്ടത്തിലെ പലിശയും ഉള്‍പ്പെടെയാണ് ഈ തുക കണക്കാക്കിയിട്ടുള്ളത്. രണ്ട് കൊല്ലത്തിനകം പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ അഞ്ചു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നാണ് കെ റെയില്‍ എംഡി അജിത് കുമാര്‍ അറിയിച്ചിട്ടുള്ളത്.

















