തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവരാണ് പിടിയിലായത്. പിടിയിലായ മിഠായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ സഹോദരനാണ്. ഇതോടെ കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
രണ്ടാം പ്രതിയായ ഒട്ടകം രാജേഷിനെയാണ് ഇനി പിടികൂടാനുള്ളത്. കൊലപാതകത്തില്‍ പങ്കെടുത്ത എട്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മൂന്നാം പ്രതി ശ്യാമാണ് സുധീഷ് ഉണ്ടായിരുന്ന സ്ഥലം കൊല നടത്തിയവര്‍ക്ക് കാണിച്ച് കൊടുത്തത്.
അരുൺ,സച്ചിൻ, സൂരജ്, ജിഷ്ണു, സന്ദു, എന്നിവരാണ് മുമ്പ് അറസ്റ്റിലായ പ്രതികള്‍. കൊലക്കുപയോഗിച്ച ആയുധങ്ങള്‍ പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. പ്രധാന പ്രതികളുമായി പൊലീസ് ഉടന്‍ തെളിവെടുപ്പ് നടത്തും.
നന്ദീഷ്, നിധീഷ്, രഞ്ജിത് എന്നിവരെ തിങ്കളാഴ്‌ച റിമാൻഡ് ചെയ്‌തിരുന്നു. അതിനിടെ പ്രതികൾ കൊലയ്‌ക്ക് ഉപയോഗിച്ച ആയുധങ്ങൾ വെഞ്ഞാറമൂട് മൂളയാറിന്റെ പരിസരത്തുനിന്നും പൊലീസ് കണ്ടെടുത്തു.
സുധീഷിനെ വെട്ടിക്കൊന്നതിന് പിന്നിൽ ഗുണ്ടാ പകയാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സുധീഷും പ്രതികളും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നു. ഈ മാസം 6ന് ആറ്റിങ്ങള്‍ ഊരുപൊയ്കയില്‍ രണ്ടു യുവാക്കളെ വെട്ടിയ കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഇതിന്‍റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൊത്തം 11 പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ട്. പ്രധാന പ്രതികളുടെ പേര് പേര് മരിക്കുന്നതിനു മുമ്പ് സുധീഷ് തന്നെയാണ് പൊലീസിന് പറഞ്ഞുകൊടുത്തത്.

















