പാലക്കാട്: പാലക്കാട് ലക്കിടി (Palakkad Lakkidi) റയിൽവേ ഗേറ്റിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ (Ertiga Car) കണ്ടെത്തി. കാറിൻറെ ഉൾവശം തകർത്ത് മുളകുപൊടി വിതറിയിട്ടുണ്ട്. കുഴൽപ്പണ സംഘം (Hawala Gang) സഞ്ചരിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് (Kerala Police) അറിയിച്ചു.
ലക്കിടി റെയിൽവേ ഗേറ്റിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മാരുതി എർട്ടിഗ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഒറ്റപ്പാലം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
കാറിൻറെ ഉൾവശം തകർത്ത നിലയിലായിരുന്നു. ഡാഷ് ബോർഡ് മുഴുവനായും കുത്തിപ്പൊളിച്ചിട്ടുണ്ട്. കാറിനകത്ത് മുളകുപൊടിയും വിതറിയിട്ടുണ്ട്. പരിശോധനകൾ നടത്തിയാലും ഒന്നും കണ്ടെത്താതിരിക്കാനാണെന്ന് വ്യക്തം.
കുത്തിപ്പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയും സ്ക്രൂ ഡ്രൈവറും കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം – മങ്കട കൂട്ടിൽ ഉള്ളാട്ടുപാറ മുഹമ്മദിൻറെ ഉടമസ്ഥതയിലുള്ളതാണ് കാറെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
ഒറ്റപ്പാലം, പട്ടാമ്പി മേഖല കേന്ദ്രീകരിച്ചു നടക്കുന്ന കുഴൽപ്പണ ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. കുഴൽപ്പണ സംഘം സഞ്ചരിച്ച കാർ അജ്ഞാതർ തട്ടിയെടുത്ത് ലക്കിടിയിൽ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. പണം കടത്ത് സംഘത്തിൽ നിന്ന് കാർ തട്ടിയെടുത്ത് ഉപേക്ഷിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും വാഹനത്തിൽ പരിശോധന നടത്തി.
പരിസരത്തുനിന്നും ശേഖരിച്ച സിസിടിവി ദ്യശ്യങ്ങളിൽ രണ്ടു പേർ കാറിൽ നിന്നിറങ്ങി പോകുന്നതായി വ്യക്തമായിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

















