കറാച്ചി: പാകിസ്താനിൽ ക്രിക്കറ്റ് കളി കാണാൻ ആളില്ലാത്ത അവസ്ഥ. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പാകിസ്താൻ-വെസ്റ്റിൻഡീസ് ട്വന്റി-20 പരമ്പരയിലെ മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിൽ ആളുകളെത്തുന്നില്ല. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ട്വന്റി-20 മത്സരം കാണാൻ 4000 കാണികൾ മാത്രമാണെത്തിയത്. 32000 പേർക്ക് കളി കാണാൻ പറ്റുന്ന കറാച്ചിയിലെ സ്റ്റേഡിയം ശൂന്യമായ അവസ്ഥയിലായിരുന്നു.
ഇതോടെ കാണികളോട് സ്റ്റേഡിയത്തിൽ എത്താൻ അഭ്യർഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം വസീം അക്രം. ‘കഴിഞ്ഞ കുറച്ചു മാസങ്ങളായി പാിക്സ്താൻ ടീം മികച്ച പ്രകടനം പുറത്തെടുത്തിട്ടും കറാച്ചിയിലെ സ്റ്റേഡിയം കാലിയായി കാണുന്നതിൽ ഒരുപാട് സങ്കടമുണ്ട്. ഇതിന്റെ കാരണം എനിക്ക് നിങ്ങളിൽ നിന്നു തന്നെ അറിയണം. ആരാധകരെല്ലാം എവിടെപ്പോയി? നിങ്ങൾ പറയൂ..’ വസീം അക്രം ട്വീറ്റ് ചെയ്തു. സാധാരണ ടിക്കറ്റ് പകുതിയാക്കി കുറിച്ചിട്ടെങ്കിലും കാണികൾ എത്തുമെന്ന പ്രതീക്ഷയിലാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്.
സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പിസിബി പ്രസിഡന്റ് റമീസ് രാജ പ്രഖ്യാപിച്ചെങ്കിലും അത് യാഥാർഥ്യമായില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. മത്സരം കാണാൻ എത്തുന്നവർ സ്റ്റേഡിയത്തിൽ നിന്ന് വളരെ ദൂരം വാഹനം പാർക്ക് ചെയ്തശേഷം നടന്നു വരേണ്ട സ്ഥിതിയാണ്. മാത്രമല്ല കനത്ത സുരക്ഷാ ക്രമീകരണങ്ങളും കാണികളെ അകറ്റുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് കുറച്ചു കാലങ്ങളായി സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഇതായിരിക്കാം ഇപ്പോഴും കാണികളുടെ എണ്ണം കുറയാൻ കാരണമെന്നും ആരാധകർ വ്യക്തമാക്കുന്നു.