മുംബൈ: ഇന്ത്യയുടെ ട്വന്റി-20 ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിരാട് കോലി. ട്വന്റി-20 നായകസ്ഥാനം ഒഴിയരുതെന്ന് കോലിയോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ അദ്ദേഹം അതിന് തയ്യാറായിരുന്നില്ലെന്നുമാണ് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞത്. ഇക്കാര്യം സെലക്ടർമാരെ അറിയിച്ചുവെന്നും രണ്ട് വൈറ്റ് ബോൾ ഫോർമാറ്റിന് രണ്ട് നായകരെന്ന രീതിയോട് അവർക്ക് യോജിപ്പില്ലായിരുന്നുവെന്നും അതുകൊണ്ടാണ് രോഹിത്തിനെ ഏകദിന ടീമിന്റെ നായകനാക്കിയതെന്നും ഗാംഗുലി പറഞ്ഞിരുന്നു.
ഏകദിന നായകസ്ഥാനം നഷ്ടമായത് ട്വന്റി-20 നായകസ്ഥാനം ഉപേക്ഷിച്ചതിനാലാണെന്ന ഗാംഗുലിയുടെ വാദം ശരിയല്ലെന്നാണ് കോലിയുടെ പ്രതികരണത്തോടെ വ്യക്തമാകുന്നത്. ട്വന്റി-20 നായകസ്ഥാനം ഒഴിയുന്നുവെന്നും തുടർന്നും ഏകദിന, ടെസ്റ്റ് ടീമുകളെ നയിക്കാൻ തയ്യാറാണെന്നുമാണ് ബി.സി.സി.ഐയെ കോലി അറിയിച്ചത്. ആ തീരുമാനം ബി.സി.സി.ഐ സ്വാഗതം ചെയ്യുകയായിരുന്നു.
ഏകദിന നായകസ്ഥാനത്ത് തുടരേണ്ടെന്നാണ് തീരുമാനമെങ്കിൽ അതിൽ തനിക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. അക്കാര്യം അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. അതു തന്നെ നേരത്തെ അറിയിക്കാമായിരുന്നെന്നും കോലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നായകസ്ഥാനം ഒഴിയുന്നതുകൊണ്ട് ബാറ്റിങ്ങിൽ കൂടുതൽ മെച്ചപ്പെടാൻ കഴിയുമോ എന്ന് തനിക്ക് പറയാൻ കഴിയില്ല. നായകസ്ഥാനം വഹിച്ചുകൊണ്ട് ബാറ്റ് ചെയ്യുന്നതിൽ അഭിമാനമുണ്ടായിരുന്നു. നായകസ്ഥാനത്ത് തുടർന്നപ്പോൾ ആത്മാർത്ഥയോടെ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും കോലി പറഞ്ഞു. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തുടർന്നും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.