കോഴിക്കോട്: സംസ്ഥാനത്താദ്യമായി ഒരു സർക്കാർ സ്കൂളിൽ ലിംഗസമത്വ യൂണിഫോം (Gender Neutral Uniform) ധരിച്ച് കുട്ടികൾ പഠിക്കാനെത്തി. ഉച്ചയ്ക്ക് 12 മണിയോടെ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു (Higher Education Minister R Bindu) ഓൺലൈനായി ജൻഡർ നൂട്രൽ യൂണിഫോം പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ ഒരേ തരം യൂണിഫോം ധരിക്കുന്ന ബാലുശ്ശേരി എച്ച്എസ്എസ് സ്കൂൾ കേരളത്തിൻറെ വിദ്യാഭ്യാസചരിത്രത്തിൽത്തന്നെ ഇടംപിടിക്കും. അതേസമയം, ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ പ്രതിഷേധവുമായി വിവിധ മുസ്ലിംയുവസംഘടനകൾ (Muslim Organisations) രംഗത്തെത്തി. ‘വസ്ത്രസ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഇവർ ബാലുശ്ശേരി സ്കൂളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്.
എംഎസ്എഫ്, യൂത്ത് ലീഗ്, എസ്എസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടത്തുന്നത്. ഇവരെല്ലാം ചേർന്ന് കോ ഓർഡിനേഷൻ കമ്മിറ്റി എന്ന സമിതി രൂപീകരിച്ചിരുന്നു.
വസ്ത്രത്തിൻറെയും ഭക്ഷണത്തിൻറെയും രാഷ്ട്രീയം സജീവ ചർച്ചയാകുന്നയിടത്താണ് , വസ്ത്രത്തിലെ തുല്യതയെന്ന സന്ദേശവുമായി ബാലുശ്ശേരി ഗേൾസ് ഹയർസെക്കൻററി സ്കൂൾ മുമ്പേ നടക്കുന്നത്. പെൺകുട്ടികളുടെ സ്കൂളെങ്കിലും ഹയർ സെക്കൻററിയിൽ ആൺകുട്ടികളുമുണ്ട്. ഇക്കുറി പ്രവേശനം നേടിയ പ്ലസ് വൺ ബാച്ചിലാണ് ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കുന്നത്. 260 കുട്ടികളും ഇന്ന് മുതൽ ഏകീകൃതവേഷത്തിലാണ് സ്കൂളിലെത്തിയത്.

















