കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ 1.85 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ഉറവിടം തെളിയിക്കാനായില്ല. ഇതാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.) ന് ഈ തുക കണ്ടുകെട്ടിയ നടപടിക്ക് അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയില്‍നിന്ന് അംഗീകാരം കിട്ടിയത്. നയതന്ത്ര സ്വര്‍ണക്കടത്തില്‍ ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ഇടപാട് കേസിന്റെ വിചാരണയില്‍ പ്രതികള്‍ക്ക് ശക്തമായ തിരിച്ചടിയാകുന്നതാണിത്. ഇ.ഡി.യെ സംബന്ധിച്ചിടത്തോളം വലിയ നേട്ടവും.
സ്വപ്ന സുരേഷിനു പുറമേ പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ സാമ്പത്തിക നിക്ഷേപമായിരുന്നു ഇ.ഡി. കണ്ടുകെട്ടിയത്. ഇതിനാണിപ്പോള്‍ കള്ളപ്പണ കേസുകളിലെ ഡല്‍ഹിയിലെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി അംഗീകാരം നല്‍കിയത്. തിരുവനന്തപുരം എസ്.ബി.ഐ., ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളിലെ ലോക്കറുകളിലുണ്ടായിരുന്ന സ്വപ്ന സുരേഷിന്റെ 64 ലക്ഷം രൂപയും 36.50 ലക്ഷം രൂപയുമടക്കം ഒരു കോടി രൂപ എന്‍.ഐ.എ. കണ്ടെടുത്തിരുന്നു. ഈ തുകയാണ് ഇ.ഡി. കണ്ടുകെട്ടിയവയില്‍ പ്രധാനം. ഇത് മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ പണമാണെന്നും ലൈഫ് മിഷന്‍ കരാറുകള്‍ക്കു ലഭിച്ച കമ്മിഷന്‍ തുകയാണെന്നുമായിരുന്നു ഇ.ഡി.യുടെ വാദം. എന്നാല്‍, ശിവശങ്കര്‍ ഇത് ശക്തമായി നിഷേധിക്കുകയും ചെയ്തു. പക്ഷേ, ഈ ഒരു കോടി രൂപയുടെ കൃത്യമായ ഉറവിടം തെളിയിക്കാനോ പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ സ്വപ്നയ്ക്ക് സാധിച്ചതുമില്ല.
ഇതിനു പുറമേ സഹകരണ ബാങ്കുകളിലേതടക്കമുള്ള സ്വപ്നയുടെ 62.76 ലക്ഷവും കണ്ടുകെട്ടിയിരുന്നു. ഇതിനും വ്യക്തമായ രേഖകള്‍ സഹിതമുള്ള സ്രോതസ്സ് കാണിക്കാനായില്ല. മറ്റൊരു പ്രതിയായ പി.എസ്. സരിത്തിന്റെ അച്ഛന്റെ പേരിലുള്ള 10 ലക്ഷമടക്കം 11.94 ലക്ഷം രൂപയാണ് ഇ.ഡി. കണ്ടുകെട്ടിയിരുന്നത്. സന്ദീപ് നായരുടെ 10.11 ലക്ഷവും. ഇതിനും വ്യക്തമായ രേഖകള്‍ ഹാജരാക്കാനായില്ല.
ഇ.ഡി.യുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ലഭിച്ച വലിയ അവസരമായിരുന്നു ഇത്. അഡ്ജുഡിക്കേറ്റിങ് അതോറിറ്റി ഇ.ഡി.യുടെ കണ്ടുകെട്ടല്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഇ.ഡി.യുടെ കേസ് തന്നെ തള്ളപ്പെട്ടു പോകുമായിരുന്നു.

















