വയനാട്: കുറുക്കൻമൂലയിലെ (Kurukkanmoola) ജനവാസ മേഖലയിലിറങ്ങിയ കടുവയെ (Tiger) പിടികൂടാൻ വ്യാപക തെരച്ചിൽ തുടരവേ ഇന്നും പുതിയ കാൽപ്പാടുകൾ കണ്ടെത്തി. കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്. കുറുക്കൻമൂലയിലെ നാല് കിലോമീറ്റർ ചുറ്റളവിൽ തന്നെ കടുവ തമ്പടിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിൻറെ നിഗമനം. വനം വകുപ്പിൻ്റെയും പൊലീസിൻ്റെയും വൻ സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
രണ്ട് കുങ്കിയാനകളുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെ അൽപ്പസമയത്തിനകം തെരച്ചിൽ തുടരും. വനം വകുപ്പ് ഇന്നലെ പുറത്തുവിട്ട കടുവയുടെ ചിത്രത്തിൽ നിന്ന് കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി വ്യക്തമായിരുന്നു. മുറിവുകളുള്ള കടുവ കാട്ടിൽ ഇര തേടാൻ കഴിയാതെ ജനവാസ മേഖലയിൽ തമ്പടിച്ചതായാണ് നിഗമനം. ഇതുവരെ 15 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വളർത്ത് മൃഗങ്ങളെ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടം പരിഹാരം നൽകുന്നത് വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

















