പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ മുന്‍ പരിശീലകന് ഡീന്‍ സ്മിത്തിന്റെ നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു ആസ്റ്റന്‍ വില്ല വിജയവഴിയില്‍ തിരിച്ചെത്തി.കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനോട് തോല്‍വി വഴങ്ങിയ ശേഷമുള്ള മത്സരത്തില്‍ തന്നെ വിജയവഴിയില്‍ തിരിച്ചു എത്താന്‍ ജെറാര്‍ഡിന്റെ ടീമിന് ആയി. ലീഗിലെ അവസാന സ്ഥാനക്കാര്‍ ആയി നോര്‍വിച്ച് പന്ത് കൈവശം വക്കുന്നതില്‍ തുല്യത പാലിച്ചു എങ്കിലും വില്ല തന്നെയാണ് കൂടുതല്‍ അവസരങ്ങള്‍ തുറന്നത്.
ആദ്യ പകുതിയില്‍ 34 മത്തെ മിനിറ്റില്‍ ഒലെ വാറ്റ്കിന്‍സ് നല്കിയ പന്തില്‍ നിന്നു പ്രത്യാക്രണത്തിലൂടെ ജേക്കബ് റംസിയാണ് വില്ലയുടെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് സമനില ഗോള്‍ നേടാന്‍ നോര്‍വിച്ചും രണ്ടാം ഗോള്‍ നേടാന്‍ വില്ലയും ശ്രമിച്ചു. ഒടുവില്‍ 87 മത്തെ മിനിറ്റില്‍ ഒലെ വാറ്റ്കിന്‍സ് വില്ലയുടെ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ ലീഗില്‍ വില്ല ഒമ്ബതാം സ്ഥാനത്തേക്ക് ഉയര്‍ന്നു, നോര്‍വിച്ച് ആവട്ടെ അവസാന സ്ഥാനത്ത് തുടരുകയാണ്.